കർഷക ആത്മഹത്യകൾക്ക് ഉത്തരവാദി പിണറായി സർക്കാർ: കെ സുരേന്ദ്രൻ

സംസ്ഥാനത്ത് നടക്കുന്ന കർഷക ആത്മഹത്യകൾക്ക് പിണറായി സർക്കാരാണ് ഉത്തരവാദിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കർഷകരുടെ ആനുകൂല്ല്യങ്ങൾ സംസ്ഥാനം നിഷേധിക്കുന്നതാണ് ആത്മഹത്യകൾ തടരുന്നതിന് കാരണം. നരേന്ദ്രമോദി സർക്കാരിന്റെ കർഷക ക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നെൽകർഷകർക്ക് സംഭരിച്ച നെല്ലിന്റെ തുക നൽകുന്നില്ല. റബർ കർഷകർക്ക് വാ​ഗ്ദാനം ചെയ്ത തുക നൽകുന്നില്ല. ഭൂമിയുടെ രേഖകൾ ഹാജരാക്കാത്തതിനാൽ മോദി സർക്കാരിന്റെ കിസാൻ സമ്മാൻ നിധി സംസ്ഥാനത്ത് ലക്ഷക്കണക്കിന് കർഷകർക്ക് ലഭിക്കുന്നില്ല. നബാർഡ് വഴി കേന്ദ്രസർക്കാർ വിതരണം ചെയ്യുന്ന തുക കേരളത്തിലെ കർഷകർക്ക് എത്തുന്നില്ല. സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങളാണ് കർഷകരെ കഷ്ടത്തിലാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാരാണെന്നാണ് കോൺ​ഗ്രസ് പറയുന്നത്. എൽഡിഎഫ് ഏതാണ് യുഡിഎഫ് ഏതാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണെന്നാണ് നവകേരളയാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നത്. ഈ നിലപാടാണ് ഇപ്പോൾ കോൺ​ഗ്രസും കൈക്കൊള്ളുന്നത്. ഇനിയും നവകേരളയാത്രയിൽ നിന്നും കോൺ​ഗ്രസ് മാറി നിൽക്കുന്നത് ശരിയല്ല. മാസപ്പടി കേസിൽ മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നത് കോൺ​ഗ്രസാണ്. ഭരണ-പ്രതിപക്ഷ സഹകരണമാണ് മാസപ്പടിയിൽ കണ്ടത്.

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന കേന്ദ്രവിരുദ്ധ പ്രചരണങ്ങൾ എല്ലാം കേന്ദ്രധനമന്ത്രിയുടെ കൃത്യമായ കണക്കുകൾ വെച്ചുള്ള അവതരണത്തോടെ പൊളിഞ്ഞ് പോയിരിക്കുകയാണ്. കേരളത്തിന് കൊടുക്കാൻ ഒരു രൂപയുടെ കുടിശ്ശിക പോലുമില്ലെന്ന് വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിമാരും കേന്ദ്ര ധനകാര്യ മന്ത്രിയും അസന്നി​ഗ്ധമായി പാർലമെന്റിൽ പ്രഖ്യാപിച്ചു കഴിഞ്ഞതോടെ ഇടതു സർക്കാരിൻ്റെ കള്ളക്കളി പുറത്തായിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp