തിരക്ക് വേണ്ട; ആധാർ സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി. ആധാർ കാർഡിലെ തിരിച്ചറിയൽ വിവരങ്ങൾ, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയപരിധി നാളെ അവസാനിക്കുമെന്നായിരുന്നു നേരത്തെ നൽകിയിരുന്ന വിവരം. സമയപരിധി അവസാനിക്കാനിരിക്കെ അക്ഷയകേന്ദ്രങ്ങളിൽ ഉൾപ്പെടെയുള്ള സേവാ കേന്ദ്രങ്ങളിൽ തിരക്ക് അനുഭവപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിൽ ആധാർ സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടിയിരിക്കുന്നത്. നിരവധി പേർ ഇനിയും പുതുക്കാൻ ഉള്ളതിനാൽ മൂന്നുമാസത്തേക്കാണ് ആധാർ കാർഡ് പുതുക്കാനുള്ള തീയതി നീട്ടിയിരിക്കുന്നത്. 2024 മാർച്ച് 14 വരെ ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

myAadhaar പോർട്ടലിലൂടെ ആധാർ പുതുക്കാൻ സാധിക്കും. 50 രൂപ ഫീസ് നൽകി പേര്, ജനന തിയ്യതി, വിലാസം മുതലായ വിവരങ്ങൾ ഓൺലൈൻ ആയി തിരുത്താൻ കഴിയും. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യനായി ആധാർ കേന്ദ്രങ്ങളിൽ പോകേണ്ടി വരും. 10 വർഷത്തിൽ ഒരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം എന്നാണ് യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റിയുടെ നിർദേശം.

https://myaadhaar.uidai.gov.in/ ലോഗിൻ ചെയ്ത ശേഷം, ‘ഡോക്യുമെന്റ് അപ്ഡേറ്റ്’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇതിൽ നിങ്ങളുടെ നിലവിലുള്ള വിവരങ്ങൾ കാണാൻ സാധിക്കും. നിലവിലെ വിവരങ്ങൾ പരിശോധിച്ച് അടുത്ത ഹൈപ്പർ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് ഡോക്യുമെന്റുകളുടെ തെളിവ് എന്നിവ തെരഞ്ഞെടുക്കുക. ശേഷം സ്‌കാൻ ചെയ്‌ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക. ഇങ്ങനെ നിങ്ങൾക്ക് സ്വയം ആധാർ വിവരങ്ങൾ പുതുക്കാൻ കഴിയും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp