സെക്കന്റ് ഹാന്‍ഡ് വാഹന വിപണിയില്‍ നിയന്ത്രണം വരുന്നു

ഉപയോഗിച്ച വാഹനങ്ങളുടെ വില്‍പ്പന നിരീക്ഷിക്കാനും ഉപഭോക്താക്കളുടെ സംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ട് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനുള്ള കരട് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നുണ്ട്. വാഹന പുനര്‍വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളും സംരംഭങ്ങളും രജിസ്റ്റര്‍ചെയ്ത് ലൈസന്‍സ് എടുക്കുകയെന്നതാണ് ഇതില്‍ പ്രധാനം.

ഇത്തരം സ്ഥാപനങ്ങള്‍ ഒരു വാഹനം വില്‍ക്കുമ്പോള്‍ വിവരം അതത് സംസ്ഥാനങ്ങളിലെ ഗതാഗതവകുപ്പിനെ അറിയിച്ചിരിക്കണം. തുടര്‍ന്നുള്ള നടപടികളുടെ വിവരങ്ങളും കൈമാറണം. വാഹനം വിറ്റുകഴിഞ്ഞ് ഉടമസ്ഥാവകാശം മാറ്റിനല്‍കേണ്ട ചുമതലയും ഇവരുടേതായിരിക്കും.

വിപണി വികസിക്കുന്നതിനനുസരിച്ച് പരാതികളും കൂടാം. അതുകൊണ്ട് ഈ രംഗത്ത് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. വാഹനകൈമാറ്റം കൃത്യമായി രേഖപ്പെടുത്തുന്നതിനും ഇടപാടുകള്‍ സുതാര്യമായിരിക്കാനും ഇതു സഹായിക്കും.

മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍വന്നാല്‍ ഓണ്‍ലൈന്‍-ഓഫ് ലൈന്‍ വ്യത്യാസമില്ലാതെ വാഹനപുനര്‍വില്‍പ്പന നടത്തുന്നവരെല്ലാം രജിസ്‌ട്രേഷനെടുക്കേണ്ടിവരും. ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ഇവരുടെ ലൈസന്‍സ് റദ്ദാക്കും. പിഴയുള്‍പ്പെടെ നിയമനടപടികളും നേരിടേണ്ടിവരും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp