‘ആദ്യം കരിങ്കൊടിയും പിന്നീട് ഷൂ ഏറും, നവകേരള സദസിനോട് എന്തിനാണ് ഇത്ര പക’; മുഖ്യമന്ത്രി

പുതിയ തലമുറ സർക്കാരിന് നൽകുന്ന വമ്പിച്ച പിന്തുണ ചിലരെയെല്ലാം അസ്വസ്ഥരാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ. നവകേരള സദസ്സ് ആരംഭിച്ചപ്പോൾ മുതൽ കോൺഗ്രസും അവരുടെ യുവജന സംഘടനകളും തുടങ്ങിയ അക്രമ മനോഭാവം അതിന്റെ പ്രതിഫലനമാണ്. പ്രാരംഭഘട്ടത്തിൽ വാഹനത്തിനു മുമ്പിൽ ചാടി വീഴുകയായിരുന്നു മാർഗമെങ്കിൽ പിന്നീട് ഒരു ഘട്ടത്തിൽ ബസിന് നേരെ ‘ഷൂ’ എറിയുന്ന നിലയിലേക്കെത്തി. ഒടുവിൽ ഈ അക്രമ മനോഭാവം നവകേരള സദസ്സുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന പ്രചരണ സാമഗ്രികളുടെ നേരെയായി. ഇന്നലെയും മിനിയാന്നുമായി തലസ്ഥാനത്ത് നൂറ് കണക്കിന് ബോർഡുകളും ബാനറുകളുമാണ് തകർത്തത്.

പ്രചാരണ സാമഗ്രികൾ നശിപ്പിക്കുക, പൊലീസിന് നേരെ മുളകുപൊടിയും ഗോലിയും എറിയുക- അത്ര പകയാണ് നവകേരള സദസ്സിനോട് ഇവർക്കുള്ളത്. സാമൂഹ്യ വിരുദ്ധ മനോഭാവത്തിൽ നിന്ന് ഉടലെടുത്ത ആക്രമണ മനോഭാവമാണ് ഇത്. നവകേരള സദസ്സിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകളിൽ ആർക്കും വിദ്വേഷം വരേണ്ട കാര്യങ്ങൾ ഇല്ല. പരിപാടി എവിടെ എപ്പോൾ എന്നതും ആരൊക്കെ പങ്കെടുക്കുന്നു എന്നതുമാണല്ലോ അതിലെ വിവരങ്ങൾ. ആ ബോർഡുകൾ തകർക്കുന്നതിലൂടെ തങ്ങൾ ഈ നാടിനെതിരാണ് എന്ന പ്രഖ്യാപനമാണ് ഇതിലൂടെ അവർ നടത്തുന്നത്. ഇത്തരം നിലപാടുകൾ തിരുത്തി ഈ നാടിന്റെ മുന്നേറ്റത്തോടൊപ്പം ചേരണം എന്നാണ് അവരോട് അഭ്യർത്ഥിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

പരാതി പരിഹാരവുമായി ബന്ധപ്പെട്ടു ഫലപ്രദമായി നടത്തി വരികയാണ്. ചീഫ് സെക്രട്ടറിയാണ് മോണിറ്റർ ചെയ്യുന്നത്.ജില്ലകളിൽ കളക്ടർക്കു പുറമെ ഒരു ഉദ്യഗസ്ഥനെ കൂടി നിയോഗിക്കും.സമയബന്ധിതമായി പരാതി പരിഹാരം പൂർത്തിയാക്കും. നവകേരള സദസ്സ് എൽഡിഎഫ് പരിപാടിയല്ല,
യുഡിഎഫിനെതിരെയുള്ള പരിപാടിയുമല്ല, നാടിന്റെ പരിപാടിയാണ്.ജനപങ്കാളിത്തം ബഹിഷ്കരിച്ചവർക്ക് ഷോക്കായിയെന്നും അതിന്റെ പരാക്രമമാണ് കാട്ടികൂട്ടന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ഇന്ത്യാ സ്കിൽസ് റിപ്പോർട്ട് 2024-ൽ പ്രായഭേദമന്യേ സ്ത്രീപുരുഷന്മാർ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന സംസ്ഥാനങ്ങളിൽ രാജ്യത്ത് ഒന്നാമതാണ് കേരളമെന്ന് അദ്ദേഹ പറഞ്ഞു. രാജ്യത്തെ നഗരങ്ങളിൽ കൊച്ചി രണ്ടും തിരുവനന്തപുരം നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. 18 മുതൽ 21 വയസു പ്രായപരിധിയുള്ളവരിൽ ഏറ്റവും തൊഴിൽക്ഷമതയുള്ള സംസഥാനങ്ങളിൽ രണ്ടാം സ്ഥാനവും കേരളത്തിനാണ്. ഐടി, കംപ്യൂട്ടർ സയൻസ്, എഞ്ചിനീയറിങ് എന്നീ വിഷയങ്ങളിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽനൈപുണ്യമുള്ളത്. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, കംപ്യൂട്ടർ പരിജ്ഞാനം, സംഖ്യാ നൈപുണ്യം, വിമർശനാത്മക ചിന്ത എന്നീ നൈപുണികളിൽ കേരളത്തിലെ 18-29 പ്രായഗണത്തിലുള്ള യുവജനങ്ങൾ രാജ്യത്തു തന്നെ ഏറ്റവും മുന്നിലാണ്. നൈപുണ്യ പരിശീലനത്തിലും വികസനത്തിലും സർക്കാർ തലത്തിൽ മികച്ച പദ്ധതികളാണ് കേരളത്തിൽ നടന്നു വരുന്നതെന്നും റിപ്പോർട്ട് പറയുന്നു.

രണ്ടു വർഷംമുമ്പ്‌ ആരംഭിച്ച ഡിജിറ്റൽ സർവകലാശാല ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. ഐടി അധിഷ്‌ഠിത വിജ്ഞാന വ്യവസായങ്ങളുടെ വളർച്ചയ്‌ക്കുവേണ്ട ഭൗതികവും സാങ്കേതികവും ബൗദ്ധികവുമായ അടിസ്ഥാനസൗകര്യം ലഭ്യമാക്കാൻ ഡിജിറ്റൽ സയൻസ്‌ പാർക്കിനു കഴിയും. ഇങ്ങനെ ആധുനിക വ്യവസായങ്ങളേയും പുതിയ തൊഴിൽ സാധ്യതകളേയും ഉപയോഗപ്പെടുത്താൻ കേരളത്തെ പ്രാപ്തമാക്കുന്ന നയമാണ് സർക്കാർ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp