മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിക്കും; രോഹിത്തിൻ്റെ ബന്ധുക്കൾക്ക് അടിയന്തര സഹായം

തിരുവനന്തപുരം: പാലക്കാട് വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ച മൂന്ന് യാത്രക്കാർക്ക് ഇൻഷുറൻസ് നൽകും. അപകടത്തിൽ മരിച്ച മൂന്ന് യാത്രക്കാരുടെ കുടുംബത്തിന് ഇൻഷുറസ് തുകയായ പത്ത് ലക്ഷം രൂപ നൽകുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. പണം വേഗത്തിൽ നൽകാനുള്ള നടപടി സ്വീകരിച്ചു.

അടിയന്തര സഹായം എന്ന നിലയിൽ രണ്ട് ലക്ഷം രൂപ അപകടത്തിൽ മരിച്ച രോഹിത് രാജിൻ്റെ കുടുംബത്തിന് കൈമാറും. ബാക്കിയുള്ള എട്ട് ലക്ഷം രൂപ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് കൈമാറും. മറ്റ് മരണമടഞ്ഞ രണ്ട് പേരുടെയും മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് പത്ത് ലക്ഷം നൽകും.

2014ലെ കെഎസ്ആർടിസി ആക്ട് പദ്ധതി അനുസരിച്ച് യാത്രക്കാർക്ക് നൽകിവരുന്ന അപകട ഇൻഷുറൻസ് തുകയാണ് നൽകുന്നത്. ന്യൂ ഇന്ത്യ അഷ്യുറൻസ് കോ. ലിമിറ്റഡിൽ നിന്നാണ് യാത്രക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തുക. ഇതിനായി യാത്രക്കാരിൽ നിന്നും ടിക്കറ്റ് ചാർജിനൊപ്പം ഒരു രൂപ മുതൽ സെസ് തുക സമാഹരിച്ചും രണ്ട് കോടിയോളം രൂപ അധികം രൂപ പ്രതിവർഷം പ്രീമിയം നൽകിയുമാണ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്.വേഗത്തിൽ ഇൻഷുറൻസ് തുക ലഭ്യമാകുന്നതിന് വേണ്ടി ഗതാഗത മന്ത്രി ആൻ്റണി രാജു നടത്തിയ ഇടപെടലിനെ തുടർന്നാണ് തുക ലഭ്യമായത്. 9 പേരുടെ മരണത്തിന് ഇടയാക്കിയ വടക്കഞ്ചേരി അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. ജോമോൻ മദ്യപിച്ചിരുന്നോ എന്നറിയാനുള്ള പരിശോധന നടത്തും. ബസ് ഉടമ അരുണിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp