‘മാധ്യമപ്രവർത്തകരെ വേട്ടയാടുന്നത് ഇടതുപക്ഷത്തിന്റെ ശൈലി അല്ല, കേസെടുത്ത നടപടി പരിശോധിക്കും’; മന്ത്രി കെ.രാജൻ

വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ട്വന്റിഫോർ ചാനലിലെ മാധ്യമപ്രവർത്തകയ്‌ക്കെതിരെ കേസെടുത്ത നടപടി പരിശോധിക്കുമെന്ന് മന്ത്രി കെ രാജൻ. മാധ്യമപ്രവർത്തകരെ വേട്ടയാടുന്നത് ഇടതുപക്ഷത്തിന്റെ ശൈലി അല്ല. ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇത്തരം നടപടിയെടുക്കുന്നതെന്നും പിന്നിൽ സർക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു. വിനീതയ്ക്കെതിരെയുള്ള കേസ് കൂടുതൽ പരിശോധിച്ച് പ്രതികരിക്കാമെന്നും മന്ത്രി പ്രതികരിച്ചു.

ഇതിനിടെ കേരളത്തിൽ പ്രതിപക്ഷം അക്രമത്തിന് ലക്ഷ്യം വയ്ക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഡിജിപി ഓഫിസ് മാർച്ച് ഇതിന്റെ ഭാഗമാണെന്നും കൂട്ടിച്ചേർത്തു. അക്രമം ഉണ്ടാവുമെന്ന് കെപിസിസി പ്രസിഡൻറ് തന്നെ ഫേസ്ബുക്കിലൂടെ പറയുന്നുവെന്നും നവകേരള സദസ് ഉദ്ദേശിച്ച ലക്ഷ്യം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസ്സിന് ഇന്ന് സമാപനം. വൈകിട്ട് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപന പരിപാടികൾ. നവ കേരള സദസിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നീക്കമെന്ന് ആരോപിച്ച് കോൺഗ്രസ് ഇന്ന് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തും. നവ കേരള സദസ്സിനെതിരെ യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചും ഇന്ന് നടക്കും. പ്രതിഷേധവും സംഘർഷ സാധ്യതയും കണക്കിലെടുത്ത് വൻ സുരക്ഷയാണ് തലസ്ഥാന ജില്ലയിൽ പൊലീസ് ഒരുക്കിയിട്ടുള്ളത്.

വിവാദങ്ങളും വാക്ക് പോരും കൊണ്ട് സമ്പന്നമായ നവ കേരള സദസ്സ് ഇന്ന് സമാപിക്കുമ്പോൾ സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ എത്രകണ്ട് നടപ്പായി എന്നതാണ് പ്രധാന ചോദ്യം. ലഭിച്ച പരാതികളിൽ എത്രയെണ്ണത്തിന് എന്ത് പരിഹാരം ഉണ്ടാക്കിയെന്നത് മറ്റൊരു ചോദ്യം. സദസ്സിലെ ജനസാന്നിദ്ധ്യം ചൂണ്ടിക്കാട്ടിയാകും പ്രതിപക്ഷ ആരോപണങ്ങളെ ഭരണപക്ഷം നേരിടുക. നവകേരള സദസ്സ് സമാപിച്ചാലും വിവാദങ്ങൾ ഉടൻ കെട്ടിടനില്ലെന്ന് ചുരുക്കം. തലസ്ഥാന ജില്ലയിലെ 5 മണ്ഡലങ്ങളിലാണ് ഇന്ന് മന്ത്രിസഭയുടെ പര്യടനം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp