മുളന്തുരുത്തി: പ്രതിരോധ പ്രവര്‍ത്തനങ്ങൾ കാര്യക്ഷമമല്ലാത്തതിനാല്‍ മുളന്തുരുത്തി പഞ്ചായത്തിൽ തെരുവുനായ് ശല്യം രൂക്ഷം. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ ചേര്‍ന്നു മുളന്തുരുത്തി മൃഗാശുപത്രിയോടു ചേര്‍ന്ന് അനിമൽ ബര്‍ത്ത് കൺട്രോൾ
കേന്ദ്രം ആരംഭിച്ചിട്ടുണ്ടെങ്കിലും നായ്ക്കളുടെ ശല്യത്തിന് അറുതിയില്ലെന്നാണു പരാതി.കഴിഞ്ഞ ദിവസം സിജിഎല്പി സ്കൂളിനു സമീപം വീടിനു മുന്നിൽ നിൽക്കുകയായിരുന്ന കുട്ടിയെ നായ്ക്കൾ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. വീട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണു കൂട്ടി ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്.പഞ്ചായത്ത് പരിധിയിലെ ഒഴിഞ്ഞ പ്രദേശങ്ങളും ഗ്രാമീണ റോഡുകളുമാണു നായ്ക്കളുടെ വിഹാരകേന്ദ്രം.
മുളന്തുരുത്തി മാര്‍ക്കറ്റ്, മദർ തെരേസ റോഡ്, ചെങ്ങോലപ്പാടം, കാരിക്കോട്, പെരുമ്പിള്ളി, വെട്ടിക്കൽ,പുളിക്കമാലി എന്നിവിടങ്ങളിലാണു നായ ശല്യം കൂടിവരുന്നത്.നായ്ക്കൾ വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുന്നതും പതിവാണ്.
കൂട്ടമായെത്തുന്ന നായ്ക്കളെ ഭയന്നു വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായിട്ടും അധികൃതര്‍ ഇടപെടുന്നില്ലെന്നാണ്
ആക്ഷേപം.