96-ാമത് ഐഎംഎ ദേശീയ സമ്മേളനം; തിരുവനന്തപുരത്ത് ഒരുക്കങ്ങൾ പൂർത്തിയായി

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 96-ാമത് ദേശീയ സമ്മേളനത്തിന് തിരുവനന്തപുരം വേദിയാകുന്നു. കോവളത്തെ ഹോട്ടൽ സമുദ്ര, ഉദയ സമുദ്ര എന്നിവയാണ് പ്രധാന വേദികൾ. ഡിസംബർ 27, 28 തീയതികളിൽ നടക്കുന്ന സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

സമ്മേളന മുന്നോടിയായി ഡിസംബർ 26 ന് ഐഎംഎ ദേശീയ പ്രവർത്തക സമിതി യോഗം ചേരും. 27 ന് നടക്കുന്ന സെൻട്രൽ കൗൺസിൽ യോഗത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. 27ന് പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മെഡിക്കൽ തുടർവിദ്യാഭ്യാസ പരിപാടികളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജും കലാസന്ധ്യ ടൂറിസം മന്ത്രി മുഹമ്മദ് റിയാസും നിർവഹിക്കും.

ഉച്ചയ്ക്ക് രണ്ടിന് പൊതുജനാരോഗ്യ സമ്മേളനം സ്പീക്കർ എ.എം ഷംസീർ ഉദ്ഘാടനം ചെയ്യും. അടൂർ പ്രകാശ് എംപി മുഖ്യപ്രഭാഷണം നടത്തും. 2050 വരെയുള്ള രാജ്യത്തിൻ്റെ ആരോഗ്യം വിഭാവനം ചെയ്തുകൊണ്ട് ഐഎംഎ തയ്യാറാക്കിയ ആരോഗ്യ മാനിഫെസ്റ്റോയും തിരുവനന്തപുരം ഡിക്ലറേഷനും ശശി തരൂർ എംപി 28ന് പ്രകാശനം ചെയ്യും. അന്നേ ദിവസം ഐഎംഎ ദേശീയ ഭാരവാഹികളെ അവരോധിക്കുന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ മുഖ്യാതിഥിയായിരിക്കും.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ പ്രസിഡന്റായി ഡോ.ആർ.വി അശോകൻ ചുമതലയേൽക്കും. സമ്മേളനത്തോടനുബന്ധിച്ചുള്ള ഗവേഷണ പ്രബന്ധങ്ങളുടെ ഓൺലൈൻ അവതരണം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്നിരുന്നു. തെരഞ്ഞെടുക്കപ്പെട്ട 230 ലധികം ഗവേഷണ പ്രബന്ധങ്ങൾ 27, 28 തീയതികളിൽ അവതരിപ്പിക്കപ്പെടും. സമ്മേളനത്തോടനുബന്ധിച്ച് വ്യത്യസ്ത മെഡിക്കൽ സ്‌പെഷ്യലിറ്റികളിൽ നിന്നായി നൂറോളം പ്രഭാഷണങ്ങൾ ഉണ്ടാകും.

ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി നൂറിലധികം ഡോക്ടർമാരാണ് ദ്വിദിന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി മേഖലയിലെ നൂതന ആശയങ്ങൾ പ്രദർശിപ്പിക്കുന്ന വിപുലമായ പ്രദർശനവും ഉണ്ടായിരിക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp