മതവിദ്വേഷം വളർത്തിയതിന് സിപിഐഎം പഞ്ചായത്ത് അംഗം അബിതയ്‌ക്കെതിരെ കേസ്. നാരങ്ങാനം പഞ്ചായത്തംഗം അബിത ഭായിക്കെതിരായാണ് ആറന്മുള പൊലീസ് കേസെടുത്തത്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് അബിത നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി നൽകിയ പരാതിയിലാണ് കേസെടുത്തത്.
‘അയോധ്യാ പ്രയാണം..ഇന്ത്യ കുതിക്കുന്നു’ എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം അബിത ഭായ് ഫേസ്ബുക്കിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ശ്രീരാമന്റെ ഭക്തിഗാനത്തിന്റെ പശ്ചാത്തല സംഗീതമുള്ള വിഡിയോയിരുന്നു അത്. വിഡിയോയിൽ ഒരാൾ അർധനഗ്നനായി ഓടുന്നതും കാണാമായിരുന്നു. ഈ പോസ്റ്റ് വിവാദമായതിന് പിന്നാലെ അബിത പോസ്റ്റ് പിൻവലിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ബിജെപി അബിതയ്‌ക്കെതിരെ പരാതി നൽകിയത്. ഹിന്ദു വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങൾ വഴി മോർഫ് ചെയ്ത വിഡിയോകൾ അബിത ഫേസ്ബുക്കിൽ പ്രചരിപ്പിക്കുന്നുവെന്ന് പരാതിക്കാരൻ രതീഷ്‌കുമാർ പി.എസ് പൊലീസിന് നൽകിയ പരാതിയിൽ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിൽ അബിത മതനിന്ദ നടത്തിയെന്നും നാട്ടിലെ സമാധാന അന്തരീക്ഷം തകർത്ത് വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രതീഷ്‌കുമാർ പരാതായിൽ പറയുന്നു. തുടർന്ന്, മതവിദ്വേഷം വളർത്തിയതിന് ആറന്മുള പൊലീസ് അബിതയ്‌ക്കെതിരെ കേസെടുത്തു.