പാലക്കാട്: വടക്കഞ്ചേരി അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിൻ്റെ അമിത വേഗതയും അശ്രദ്ധയുമാണെന്ന് കണ്ടെത്തൽ. പാലക്കാട് എൻഫോഴ്സ്‌മെൻ്റ് ആർടിഒയുടെ അന്വേഷണ റിപ്പോർട്ടിലാണ് അപകടവിവരങ്ങൾ വ്യക്തമാക്കുന്നത്. കെഎസ്ആർടിസി ബസ് വേഗത കുറച്ചപ്പോൾ അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസിന് നിയന്ത്രിക്കാനായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കൈമാറും.
ടൂറിസ്റ്റ് ബസിൻ്റെ സ്പീഡ് ഗവേർണർ പ്രവർത്തിച്ചിരുന്നില്ല. അപകടത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ഭാഗത്ത് പിഴവ് ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബസ് ഉടമ അരുണിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബസ് ഓടിക്കുമ്പോൾ ജോമോൻ മദ്യപിച്ചിരുന്നോ എന്നറിയാൻ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായകമായിരിക്കും ഈ റിപ്പോർട്ട്. ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെ വടക്കഞ്ചേരിയിൽ നിന്നും രക്ഷപ്പെടാൻ സഹായം നൽകിയവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. വടക്കഞ്ചേരി അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴിയെടുക്കാൻ പോലീസ് ആരംഭിച്ചു.
അമിത വേഗതയിലാണ് ജോമോൻ ബസ് ഓടിച്ചിരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൻ്റെ തെളിവുകൾ മോട്ടോർ വാഹന വകുപ്പിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചു. തുടക്കം മുതൽ ബസ് അമിത വേഗതയിലാണോ സഞ്ചരിച്ചതെന്നറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. അപകടമുണ്ടാകുന്നതിന് നാല് സെക്കൻഡ് മുൻപ് ബസ് വേഗ പരിധി ലംഘിച്ചാണ് സഞ്ചരിച്ചതെന്ന് പരിശോധനയിൽ വ്യക്തമായി. ഇതുസംബന്ധിച്ച അലേർട്ട് മെസേജ് ബസ് ഉടമയ്ക്കടക്കം ലഭിച്ചു.