‘ജസ്ന കേസ് അവസാനിപ്പിച്ചത് സാങ്കേതികത്വം മാത്രം’; ജീവിച്ചിരുന്നാലും മരിച്ചാലും സി.ബി.ഐ കണ്ടെത്തുമെന്ന് ടോമിൻ ജെ. തച്ചങ്കരി

സിബിഐ അന്വേഷണം അവസാനിപ്പിച്ചെങ്കിലും ജസ്നയെ ഇനിയും കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മുൻ അന്വേഷണ ഉദ്യാഗസ്ഥൻ ടോമിൻ ജെ. തച്ചങ്കരി. സി.ബി.ഐ രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജൻസിയാണ്. ജസ്ന തിരോധാനക്കേസിൽ അന്വേഷണം താൽകാലികമായി അവസാനിപ്പിച്ചുള്ള സി.ബി.ഐ റിപ്പോർട്ട് സാങ്കേതികത്വം മാത്രമാണ്. ഒരു കേസിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്തരം റിപ്പോർട്ട് സമർപ്പിക്കാറുള്ളത്. പൊലീസും ക്രൈംബ്രാഞ്ചും ഇത്തരത്തിൽ റിപ്പോർട്ട് കൊടുക്കാറുണ്ട്. എന്നെങ്കിലും കേസിനെ കുറിച്ച് സൂചന ലഭിച്ചാൽ തുടർന്നും അന്വേഷിക്കാൻ സാധിക്കുമെന്നും ടോമിൻ ജെ. തച്ചങ്കരി പറഞ്ഞു.

നല്ല രീതിയിലാണ് കേസിൽ പൊലീസ് അന്വേഷണം നടത്തിയത്. ജസ്ന തിരോധാനക്കേസ് തെളിയേണ്ടതാണ്. അന്വേഷണത്തിൽ മനഃപൂർവമായ വീഴ്ച സംഭവിച്ചിട്ടില്ല. കേസുകൾ തെളിയാതെ വരുമ്പോൾ കുറ്റപ്പെടുത്തലുകൾ സ്വാഭാവികമാണെന്നും തച്ചങ്കരി മാധ്യമങ്ങളോട് പ്രതികരിച്ചു.

ജസ്ന തിരോധാനക്കേസിൽ അന്വേഷണം സി.ബി.ഐ താൽകാലികമായി അവസാനിപ്പിച്ചിരുന്നു. ജസ്നക്ക് എന്തു സംഭവിച്ചെന്ന് കണ്ടെത്താനായില്ലെന്നും കൂടുതൽ തെളിവുകൾ ലഭിക്കുമ്പോൾ തുടരന്വേഷണം ആകാമെന്നും തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ജസ്ന ജീവിച്ചിരിപ്പുണ്ടെന്ന് ക്രൈംബ്രാഞ്ച് ആവർത്തിക്കുമ്പോഴും ഇതിനു തെളിവ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ലഭിച്ചില്ല. ജസ്ന ബസ് കയറി എന്ന് പറയപ്പെടുന്ന സ്റ്റോപ്പിനടുത്തുള്ള കടയിലെ സി.സി ടി.വി ദൃശ്യങ്ങൾ മാത്രമാണ് ലോക്കൽ പൊലീസിൽനിന്ന് ലഭിച്ചത്. ജസ്നയെ കാണാതായെന്ന പരാതി ലഭിച്ച്, 48 മണിക്കൂറിനുള്ളിൽ കാര്യമായ അന്വേഷണം ഉണ്ടാകാത്തത് തിരിച്ചടിയായെന്നും റിപ്പോർട്ടിലുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp