ന്യൂഡൽഹി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‍വാദി പാർട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. 82 വയസായിരുന്നു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് അന്ത്യം. കുറച്ചുദിവസമായി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു. ആരോഗ്യനില വഷളായതോടെ ഈ മാസം രണ്ടിന് ഐസിയുവിലേക്ക് മാറ്റിയിരുന്നു. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‍വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് മകനാണ്.
സമാജ്‍വാദി പാർട്ടി സ്ഥാപകനായ മുലായം നിലവിൽ ഉത്തർപ്രദേശിലെ മെയ്ൻപുരിയിൽ നിന്നുള്ള ലോകസഭാംഗമാണ്. രണ്ടാം ഭാര്യ സാധ്ന ഗുപ്ത ഈ വർഷം ജൂലൈയിൽ അന്തരിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് സാധ്ന ഗുപ്ത മരണപ്പെട്ടത്. ആദ്യ ഭാര്യയും അഖിലേഷ് യാദവിൻ്റെ അമ്മയുമായ മാലതി 2003 ലാണ് നിര്യാതയായത്.
മൂന്നു തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായം 1996 ജൂൺ മുതൽ 1998 മാർച്ച് വരെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരിൽ പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇറ്റാവ ജില്ലയിൽ 1939 നവംബർ 22 ന് ജനനം. ഗുസ്തിമത്സരങ്ങളിലും താത്പര്യം പ്രകടിപ്പിച്ചിരുന്നയാളാണ് മുലായം. രാഷ്ട്രീയ ഗുരുവായ നത്തു സിങ്ങിനെ ഗുസ്തിവേദിയിൽ വെച്ചാണ് പരിചയപ്പെടുന്നത്. 1967 ൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ചു ജയിച്ച മുലായം അന്നത്തെ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു.