നവകേരള ബസ് മ്യൂസിയത്തിലേക്കില്ല; എകെ ബാലന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

നവകേരള സദസിന് ഉപയോഗിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് മ്യൂസിയത്തില്‍ സൂക്ഷിക്കില്ലെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. എ കെ ബാലന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും നിലവില്‍ അത്തരം തീരുമാനങ്ങളില്ലെന്നും കടന്നപ്പള്ളി വ്യക്തമാക്കി. ബസ് മ്യൂസിയത്തിൽ സൂക്ഷിച്ചാൽ ചരിത്രപരമായിരിക്കുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കാണാൻ ലക്ഷക്കണക്കിന് ആളുകൾ ടിക്കറ്റെടുത്ത് വരുമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റിയം​ഗം എ കെ ബാലൻ പറഞ്ഞു.

നവകേരള ബസ് അറ്റകുറ്റപണിക്കായി ബെഗളൂരുവിലെ എസ് എം കണ്ണപ്പ ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറിയിരിക്കുകയാണ് നിലവിൽ. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജനുവരി അവസാനത്തോടെ ബസ് കേരളത്തിൽ തിരികെ കൊണ്ടുവരും. നവ കേരള യാത്ര പൂർത്തിയായതിന് പിന്നാലെയുള്ള അറ്റകുറ്റപ്പണികൾക്കായാണ് ബസ് ബംഗളൂരുവിൽ എത്തിച്ചത്.ബസ്സിന്റെ ബോഡി ഉൾപ്പെടെ നിർമ്മിച്ച
എസ് എം കണ്ണപ്പ ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഗ്യാരേജിലായിരിക്കും പണികൾ നടക്കുക. മുഖ്യമന്ത്രി ഇരുന്ന കറങ്ങുന്ന സീറ്റും ലിഫ്റ്റും നീക്കം ചെയ്യും. ബസിന്റെ ചില്ലുകൾ മാറ്റും. ശുചിമുറി നിലനിർത്തും . അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതിനു ശേഷം
കെഎസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം പദ്ധതിക്കായി ബസ് ഉപയോഗിക്കാനാണ് സർക്കാർ തീരുമാനം.

ജനുവരി അവസാനം അറ്റകുറ്റ പണിതീർത്ത് ബസ് കേരളത്തിൽ തിരിച്ചെത്തിക്കും. ഇതിനുശേഷമായിരിക്കും ബജറ്റ് ടൂറിസം പദ്ധതികൾക്ക് ബസ് ഉപയോഗിക്കുക.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp