ഷാഹി ഈദ്ഗാ മസ്ജിദ് സർവേ: അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത് സുപ്രീം കോടതി

കൃഷ്ണ ജന്മഭൂമി കേസിൽ മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദിലെ സർവേ താൽക്കാലികമായി തടഞ്ഞ് സുപ്രീം കോടതി. 17-ാം നൂറ്റാണ്ടിൽ നിർമിച്ച പള്ളിയുടെ സർവേയ്ക്കായി കമ്മീഷണറെ നിയമിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവാണ് കോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച പ്രത്യേക അപ്പീലിലാണ് നടപടി.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഏത് തരത്തിലുള്ള കമ്മിഷനാണ് വേണ്ടതെന്ന് ഹര്‍ജിക്കാര്‍ വ്യക്തത വരുത്തിയില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. തുടർന്ന് പ്രത്യേക അനുമതി ഹര്‍ജിയില്‍ സുപ്രിംകോടതി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.

മഥുര മസ്ജിദ് പ്രദേശം കൃഷ്ണ ജന്മഭൂമിയാണെന്നും ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പരിശോധന നടത്തണം എന്നുമായിരുന്നു ക്ഷേത്രാനുകൂലികളുടെ വാദം. ക്ഷേത്രപ്രതിഷ്ഠയെന്ന് കരുതുന്ന ഭഗവാന്‍ ശ്രീകൃഷ്ണ വിരാജ്മാന്റെ പേരിലായിരുന്നു അലഹബാദ് ഹൈക്കോടതിയിലെ ഹര്‍ജി. ആരാധനാലയ നിയമം അനുസരിച്ച് ഹൈക്കോടതിക്ക് ഉത്തരവ് നല്‍കാന്‍ അധികാരമില്ലെന്നായിരുന്നു മസ്ജിദ് ഭരണസമിതിയുടെ പ്രധാന വാദം. ജനുവരി 23 ന് കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി കോടതി ലിസ്റ്റ് ചെയ്തു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp