സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം. ഗ്രൂപ്പ് സിയിൽ അരുണാചൽ പ്രദേശിനെ 10 വിക്കറ്റിനു തകർത്ത കേരളം ഇതോടെ ഗ്രൂപ്പിൽ ഒന്നാമതെത്തി. മഴ മൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അരുണാചൽ പ്രദേശിനെ 6 വിക്കറ്റ് നഷ്ടത്തിൽ 53 റൺസിലൊതുക്കിയ കേരളം 4.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ വിജയലക്ഷ്യം മറികടന്നു. സിജോമോൻ ജോസഫ്, എസ് മിഥുൻ എന്നിവർ കേരളത്തിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ 13 പന്തിൽ 32 റൺസെടുത്ത രോഹൻ കുന്നുമ്മലിൻ്റെ വിസ്ഫോടനാത്മക ബാറ്റിംഗ് കേരളത്തിൻ്റെ ഇന്നിംഗ്സ് അനായാസമാക്കുകയായിരുന്നു.
ആദ്യ വിക്കറ്റിലെ 34 റൺസ് കൂട്ടുകെട്ടാണ് അരുണാചൽ പ്രദേശ് ഇന്നിംഗ്സിൽ എടുത്തുപറയാനുള്ളത്. എങ്കിലും മികച്ച രീതിയിൽ പന്തെറിഞ്ഞ കേരള ബൗളർമാർ അരുണാചലിനെ അനായാസം സ്കോർ ചെയ്യാൻ അനുവദിച്ചില്ല. അവരുടെ ടോപ്പ് സ്കോറർ ടെച്ചി ഡോറിയ (16) ആറാം ഓവറിൽ പുറത്താവുമ്പോൾ സ്കോർബോർഡിലുണ്ടായിരുന്നത് വെറും 34 റൺസ്. പിന്നീട് അരുണാചലിന് തുടരെ വിക്കറ്റ് നഷ്ടമായി. ഓപ്പണർമാർക്കൊഴിയെ ബാക്കിയാർക്കും ഇരട്ടയക്കം കടക്കാനായില്ല. സിജോമോനും മിഥുനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ എൻപി ബേസിലിന് ഒരു വിക്കറ്റുണ്ട്. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും 2 ഓവറിൽ വെറും 4 റൺസ് മാത്രമാണ് ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ വഴങ്ങിയത്.