ലോക്‌സഭാ തെരഞ്ഞെടുപ്പ്: എൽഡിഎഫ് സ്ഥാനാർത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും. സിപിഐ സ്ഥാനാർത്ഥികളെ ഇന്നത്തെ സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷം അറിയാം. രാവിലെ സംസ്ഥാന എക്‌സിക്യൂട്ടീവും, സംസ്ഥാന കൗൺസിലും ചേരും. സി.പി.ഐ മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. സി.പി.എം മത്സരിക്കുന്ന 15 ഇടങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ നാളെയാണ് പ്രഖ്യാപിക്കുന്നത്.

വയനാട്ടിൽ ആനി രാജയെ നിർത്താമെന്ന ശിപാർശയും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകരിച്ചു. ജില്ലാ നേതൃയോഗങ്ങൾ ഇതിനൊപ്പം രണ്ട് പേരുകൾ കൂടി ചേർത്തു നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെയുള്ള 20 ൽ 15 സീറ്റിലാണ് സിപിഐഎം മത്സരിക്കുന്നത്. നാലിടത്ത് സിപിഐയും ഒരു സീറ്റ് കേരള കോൺഗ്രസ് എമ്മിനുമാണ്.

കാസര്‍ഗോഡ് എംവി ബാലകൃഷ്‌ണൻ, കണ്ണൂരിൽ എംവി ജയരാജൻ, വടകരയിൽ കെകെ ശൈലജ, വയനാട്ടിൽ ആനി രാജ, കോഴിക്കോട് എളമരം കരീം, മലപ്പുറത്ത് വി വസീഫ്, പൊന്നാനിയിൽ കെഎസ് ഹംസ, പാലക്കാട് എ വിജയരാഘവൻ, തൃശ്ശൂരിൽ വിഎസ് സുനിൽകുമാര്‍, ആലത്തൂരിൽ കെ രാധാകൃഷ്ണൻ, ചാലക്കുടിയിൽ സി രവീന്ദ്രനാഥ്, എറണാകുളത്ത് കെജെ ഷൈൻ, ഇടുക്കിയിൽ ജോയ്‌സ് ജോര്‍ജ്ജ്, കോട്ടയത്ത് തോമസ് ചാഴികാടൻ, പത്തനംതിട്ടയിൽ തോമസ് ഐസക്, ആലപ്പുഴയിൽ എഎം ആരിഫ്, മാവേലിക്കരയിൽ സിഎ അരുൺകുമാര്‍, കൊല്ലത്ത് എം മുകേഷ്, ആറ്റിങ്ങൽ വി ജോയ്, തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ എന്നിവരാണ് ഇടത് സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നത്.

അതിനിടെ എറണാകുളത്ത് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന കെജെ ഷൈൻ പ്രചാരണം നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞു. പത്തനംതിട്ടയിൽ ഏറെ നേരത്തെ തന്നെ തോമസ് ഐസകും പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചിരുന്നു. സിറ്റിങ് എംപി തോമസ് ചാഴികാടൻ കേരള കോൺഗ്രസ് എമ്മിന്റെ തട്ടകമായ കോട്ടയത്തും ഔദ്യോഗികമായി തന്നെ പ്രചാരണം ആരംഭിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp