SSLC പരീക്ഷ ഇന്ന് മുതൽ; എഴുതുന്നത് 4.27 ലക്ഷം വിദ്യാർത്ഥികൾ; ആശംസകളുമായി മന്ത്രി വി ശിവൻകുട്ടി

എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത്. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ നടക്കുക. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. 25 ന് പരീക്ഷ അവസാനിക്കും. ലക്ഷദ്വീപിൽ ഒമ്പത്, ഗൾഫിൽ ഏഴ് പരിക്ഷ കേന്ദ്രങ്ങളുമുണ്ട്. ഏപ്രിൽ മൂന്നു മുതൽ 20 വരെ രണ്ടുഘട്ടങ്ങളിലായാണ് മൂല്യനിർണയം. മേയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.

സർക്കാർ സ്കൂളുകളിൽ നിന്ന് 1,43,557 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ നിന്ന് 2,55,360 കുട്ടികളും അൺ എയ്ഡഡ് സ്കൂളുകളിൽ നിന്ന് 28,188 കുട്ടികളും പരീക്ഷ എഴുതും. ഗൾഫ് മേഖലയിൽ 536 കുട്ടികളും, ലക്ഷദ്വീപ് മേഖലയിൽ 285 പേരും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത്, 28,180 പേർ. ഏറ്റവും കുറച്ച് പേർ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്(1,843).

അതേസമയം പരിക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആശംസയറിയിച്ചു. ‘എസ്എസ്എൽസി എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും ആശംസകൾ. യാതൊരു ഉത്കണ്ഠയോ ടെൻഷനോ ഇല്ലാതെ നിങ്ങൾ പഠിച്ച കാര്യങ്ങൾ സമയമെടുത്ത് ചോദ്യപേപ്പർ വായിച്ച് മനസിലാക്കി ഏറ്റവും ഏളുപ്പം ഉത്തരമെഴുതാൻ കഴിയുന്ന ചോദ്യത്തിന് ഉത്തരം ആദ്യം തന്നെ എഴുതണം. സംശയം അധ്യാപകരോട് ചോദിക്കണം. വളരെ ശാന്തമായി പരീക്ഷ എഴുതുക. എല്ലാവർക്കും വിജയാശംസകൾ” മന്ത്രി ട്വാന്റിഫോറിനോട് പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp