കൊല്ലം പരവൂർ കോടതിയിലെ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യയിൽ അന്വേഷണച്ചുമതല വീണ്ടും മാറ്റി. കേസ് കൊല്ലം സിറ്റി ക്രൈംബ്രാഞ്ചിൽ നിന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിനാണ് കൈമാറിയത്. പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് അനീഷ്യയുടെ കുടുംബം ആരോപിച്ചു. അതേസമയം, കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് അനീഷ്യയുടെ അമ്മ കോടതിയെ സമീപിച്ചിട്ടുണ്ട്.
പരവൂരിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യക്ക് പിന്നിൽ സഹപ്രവർത്തകരുടെ മാനസിക പീഡനം എന്നായിരുന്നു കുടുംബത്തിൻ്റെ ആരോപണം. ഇത് സാധൂകരിക്കുന്ന അനീഷയുടെ ശബ്ദ സന്ദേശവും ആത്മഹത്യാക്കുറിപ്പും പിന്നീട് ലഭിച്ചിരുന്നു. എന്നാൽ ആത്മഹത്യ നടന്ന് 52 ദിവസം പിന്നിട്ടിട്ടും ആരോപണ വിധേയരായ ഡിഡിപി അബ്ദുൾ ജലീൽ, എപിപി ശ്യാം കൃഷ്ണ എന്നിവരെ ചോദ്യം ചെയ്യാത്തത് കേസ് അട്ടിമറിക്കുന്നതിൻ്റെ ഭാഗമാണെന്നാണ് കുടുംബത്തിൻ്റെ പരാതി.
ലോക്കൽ പൊലീസിൽ നിന്ന് കേസ് കൊല്ലം സിറ്റി ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും ഫലമുണ്ടായില്ല. ഒന്നരമാസം കഴിഞ്ഞിട്ടും കേസിൽ യാതൊരു പുരോഗതിയുമില്ലാതെ വന്നതോടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായായിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ നീതി ലഭിക്കില്ലെന്നാണ് അനീഷ്യയുടെ അമ്മ പറയുന്നത്. ഹൈക്കോടതി നിയോഗിച്ച കമ്മീഷൻ ഇതുവരെ തങ്ങളുടെ മൊഴി എടുത്തിട്ടില്ലെന്നും അനീഷ്യയുടെ അമ്മ.