മഴ പെയ്താല്‍ വെള്ളക്കെട്ട് , ഇല്ലെങ്കില്‍ പട്ടികടി; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്‌നത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. വിഷയത്തില്‍ കോര്‍പറേഷന്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. മഴ പെയ്താല്‍ വെള്ളം, ഇല്ലെങ്കില്‍ പട്ടികടി എന്നായിരുന്നു ഹൈക്കോടതിയുടെ പരിഹാസം.

മഴ പെയ്താല്‍ വെള്ളം, ഇല്ലെങ്കില്‍ പട്ടികടി. അതാണ് നിലവിലെ സാഹചര്യമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. മൃഗങ്ങളെ കൊല്ലുന്നതിനോട് അനുകൂലമല്ല. പക്ഷേ പട്ടികടി പ്രശ്നത്തിന് പരിഹാരമുണ്ടാകണം. കോര്‍പറേഷന്റെ ഭാഗത്ത് നിന്നും മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തികള്‍ ഉണ്ടാകണം. ഇവിടെ ബംഗളൂരുവിനേക്കാള്‍ ഭേദമാണ്. വെള്ളം ഒഴുകി പോകുന്നുണ്ട് എന്നും കോടതി ചൂണ്ടിക്കാട്ടി. ആലുവ, പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് പരുക്കേറ്റ ബൈക്ക് യാത്രികന്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് കുഴിയുടെ പ്രശ്‌നം കോടതി നിരീക്ഷിച്ചത്. കുഴിയില്‍ വീണുണ്ടാകുന്ന നിരന്തര അപകടങ്ങളില്‍ കോടതിക്ക് ആശങ്കയുണ്ട്. കുഴിയില്‍ വീണുള്ള മരണങ്ങളില്‍ മൂകസാക്ഷിയായിരിക്കാന്‍ കോടതിക്ക് കഴിയില്ല. 71വയസുകാരന്‍ മരിച്ചത് ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. എന്താണ് ഇത്ര അപകടങ്ങളുണ്ടായിട്ടും കുഴികള്‍ അടയ്ക്കാന്‍ കഴിയാത്തതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. വിമര്‍ശനങ്ങള്‍ക്കിടെ ആലുവ പെരുമ്പാവൂര്‍ റോഡിലെ അറ്റകുറ്റപണികള്‍ തുടങ്ങിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ‘പൊതുമരാമത്ത് വകുപ്പില്‍ എന്തിനാണ് എന്‍ജിനീയര്‍മാരെ നിയമിച്ചിരിക്കുന്നത്? റോഡിലെ കുഴികള്‍ ജില്ലാ കളക്ടര്‍ കണ്ടെത്തിയിട്ടുണ്ട്. അപകടങ്ങളില്‍ ജില്ലാ കളക്ടര്‍മാരെയും എന്‍ജിനീയര്‍മാരെയും ഉത്തരവാദികളാക്കും. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് എവിടെയെന്ന് ചോദിച്ച കോടതി, തിങ്കളാഴ്ച ചുമതലയിലുള്ള എന്‍ജിനീയര്‍ നേരിട്ട് ഹൈക്കോടതിയില്‍ ഹാജരാകണമെന്ന് ഉത്തരവിട്ടു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp