മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാളിനെതിരെ നടപടി കടുപ്പിക്കാൻ ഇഡി. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ കെജ്രിവാളിനോട് പാസ്വേഡ് ആവശ്യപ്പെടും. പാസ്വേഡ് നൽകിയില്ലെങ്കിൽ മറ്റ് രീതിയിൽ രേഖകൾ ശേഖരിക്കാൻ ആണ് ഇഡിയുടെ നീക്കം. മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാനും ഇഡി തീരുമാനിച്ചിട്ടുണ്ട്. ഗോവയിലെ ചില ആംആദ്മി സ്ഥാനാർഥികളെയും കേജരിവാളിന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനും ഇഡി തീരുമാനിച്ചിട്ടുണ്ട്. അഴിമതിയുടെ മുഖ്യ ആസൂത്രകൻ കേജ്രിവാൾ എന്നാണ് ഇഡിയുടെ ആരോപണം.അന്വേഷണതിൽ സഹകരിക്കാൻ സന്നദ്ധത കേജ്രിവാൾ പ്രകടിപ്പിച്ചിരുന്നു.
ഗോവ ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷൻ അമിത് പലേക്കർ ഉൾപ്പെടെ 2 പേരെ ഇഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ പാർട്ടിയുടെ ചെലവുകളുടെ വിശദാംശങ്ങളെക്കുറിച്ചും ഇഡി ചോദിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെ വിശദാംശങ്ങൾ നൽകാൻ ഇഡി ആവശ്യപെട്ടു. മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്ന് ഇഡി കോടതിയിൽ ആരോപിച്ചിരുന്നു.
അതിനിടെ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാനാണ് ആംആദ്മിയുടെ തീരുമാനം. വ്യത്യസ്ത രീതികളിലുള്ള പ്രതിഷേധ സമരങ്ങൾ ആയിരിക്കും പാർട്ടി സംഘടിപ്പിക്കുക.