തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടിക സമർപ്പിക്കാൻ നിർദേശിച്ച് ഹൈക്കോടതി. പട്ടികയോടൊപ്പം ആനകളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും സമർപ്പിക്കനും കോടതി നിർദേശിച്ചിട്ടുണ്ട്. ഈ മാസം 16ന് റിപ്പോർട്ട് നൽകാൻ വനംവകുപ്പിനോട് ഹൈക്കോടതി നിർദേശിച്ചു.
കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണമെന്ന് നിർദേശമുണ്ട്. അതേസമയം തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കണോ എന്ന കാര്യത്തിൽ 17ന് തീരുമാനമെടുക്കും. തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ നാടാകെ പൂരത്തിന്റെ ആവേശത്തിലേക്കെത്തും. ലാലൂർ ഭഗവതി ക്ഷേത്രത്തിൽ രാവിലെ എട്ടിനും 8.15നും ഇടയിൽ കൊടിയേറ്റം നടക്കും.
തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.30 നും 11.45 നും ഇടക്കും പാറമേക്കാവിൽ ഉച്ചയ്ക്ക് 12 നും 12.15നും ഇടക്കുമാണ് കൊടിയേറ്റം. നെയ്തലക്കാവ് ക്ഷേത്രത്തിലാണ് ഏറ്റവും അവസാനം കൊടിയേറുന്നത്. എട്ട് ഘടകക്ഷേത്രങ്ങളിൽ രാവിലെ മുതൽ രാത്രിവരെ പലസമയങ്ങളിലായി പൂരക്കൊടികൾ ഉയരും. കണിമംഗലം, കാരമുക്ക്, പനമുക്കുംപിള്ളി, ചെമ്പുക്കാവ്, ചൂരക്കോട്ടുകാവ്, ലാലൂർ, അയ്യന്തോൾ, നെയ്തലക്കാവ് എന്നീ ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. ഏപ്രിൽ 19നാണ് തൃശൂർ പൂരം.സാമ്പിൾ വെടിക്കെട്ട് 17ന് വൈകിട്ട് ഏഴിന് നടക്കും.