‘മുസ്ലിം വിഭാഗങ്ങളിലുള്ളവരെ മോദി സംരക്ഷിക്കുന്നു’; ഭരണഘടന ചർച്ച ചെയ്ത് മാറ്റുന്നതിൽ തെറ്റില്ലെന്ന് എപി അബ്ദുള്ളക്കുട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദ പ്രസംഗത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. മുസ്ലിം വിഭാഗങ്ങളിലുള്ളവരെ മോദി സംരക്ഷിക്കുകയാണ് എന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ഭരണഘടന ചർച്ച ചെയ്ത് മാറ്റുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കേരളത്തിൽ എൽഡിഎഫും യുഡിഎഫും ചർച്ചയാക്കുന്നത് വൈകാരിക വിഷയങ്ങളാണ്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും, മികച്ച വിജയം നേടും. ആറ് മണ്ഡലങ്ങളിലെങ്കിലും എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകും. ഇലക്ടറൽ ബോണ്ട് അഴിമതിയല്ല. നോട്ട് നിരോധനം, ഡിജിറ്റലൈസേഷൻ, ഇലക്ടറൽ ബോണ്ട് എന്നിവ കള്ളപ്പണത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കുകയാണ്.

വിദേശിയർക്ക് പോലും പൗരത്വം നൽകുന്ന സർക്കാരിനെ കുറിച്ചാണ് ഇങ്ങനെ പറയുന്നത്. നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനു ശേഷവും മുൻപും മുസ്ലിം വിഭാഗത്തിൽ ഉള്ളവരുടെ സാഹചര്യം പരിശോധിക്കണം. ഹജ്ജിൻ്റെ പേരിൽ സ്വകാര്യ കമ്പനികൾ കൊള്ളയടിക്കുന്നു. എന്തുകൊണ്ട് ലീഗും യുഡിഎഫും ഹജ്ജ് നിരക്ക് കൊള്ളയിൽ ഇടപെടുന്നില്ല? മൻമോഹൻ സിങിൻ്റെയും രാഹുൽ ഗാന്ധിയുടെയും പ്രസംഗങ്ങളിലൂന്നിയാണ് മോദി പ്രസംഗം നടത്തിയത്. ബിജെപിക്ക് ആരോടും പ്രീണനമില്ല. ഒരു മതവിഭാഗത്തെ കുറ്റപ്പെടുത്തുന്ന വ്യക്തിയല്ല മോദി. അനാവശ്യ പ്രചാരണങ്ങളാണ് പ്രസംഗത്തിൻ്റെ പേരിൽ നടക്കുന്നത്.

കേരളത്തിന് എയിംസ് ആവശ്യമാണ്. മാറി മാറി വരുന്ന കേരള സർക്കാരുകൾ ഇടപെടുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം സമവായത്തിലെത്തും.

സ്ഥാനാർത്ഥിയാക്കാൻ പറ്റിയ മുസ്ലിം വിഭാഗത്തിൽപെട്ടവർ പാർട്ടിയിൽ ഇല്ല. അതാണ് ഇത്തവണ മുസ്ലിം സ്ഥാനാർത്ഥികൾ കുറവാകാൻ കാരണം. ഭരണഘടന ചർച്ച ചെയ്ത് മാറ്റുന്നതിൽ തെറ്റില്ല. ഇതിനോടകം പലതവണ ഭരണഘടനയിൽ മാറ്റം വരുത്തിട്ടുണ്ടല്ലോ. അടിസ്ഥാന സ്വഭാവം മാറ്റില്ലെന്ന് മോദി തന്നെ പറഞ്ഞിട്ടുണ്ട്.

ഇന്ത്യൻ രാഷ്ട്രീയം കണ്ട ഏറ്റവും നല്ല രാഷ്ട്രീയക്കാരനാണ് എകെ ആൻ്റണി. ദല്ലാളുമാരുടെ ആരോപണങ്ങളിൽ ഒരു കാര്യവുമില്ല. 400 സിറ്റിനായി എൻഡിഎ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്ത് മുസ്‌ലിംകൾക്ക് വീതിച്ചുനൽകുമെന്നും കടന്നുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്ന മോദിയുടെ പ്രസംഗമാണ് വിവാദത്തിലായത്. പെരുമാറ്റച്ചട്ടം ലംഘിച്ച മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കടുത്ത നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp