ആകാശവും അതിരല്ലെന്ന് തെളിയിച്ച് അന്ന് റെക്കോർഡുകൾ തകർത്തു; ഇന്ന് 58-ാം വയസിൽ സുനിത വില്ല്യംസ് മൂന്നാം ബഹിരാകാശ യാത്രയ്ക്കുള്ള ഒരുക്കത്തിൽ

പതിനെട്ട് വർഷം മുമ്പ് നാൽപതാം വയസ്സിലായിരുന്നു ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെ ആദ്യ ബഹിരാകാശയാത്ര. ഇപ്പോഴിതാ, 58-ാം വയസ്സിൽ മൂന്നാമത്തെ ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുകയാണ് സുനിത. ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിന്റെ പ്രഥമ മനുഷ്യദൗത്യത്തിലാണ് സുനിത വില്യംസ് ഇടം നേടിയിരിക്കുന്നത്

രണ്ട് ബഹിരാകാശദൗത്യങ്ങളിലായി സുനിത വില്യംസ് ഇതുവരെ 322 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. 2006-ൽ ആയിരുന്നു ആദ്യ യാത്ര. 2012-ൽ രണ്ടാമത്തെ യാത്രയും നടത്തി. ഇപ്പോഴിതാ മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിന്റെ ആദ്യ പരീക്ഷണയാത്രയിലും ഇടം നേടിയിരിക്കുന്നു. അടുത്ത മാസം മേയ് ആറിന് ഫ്‌ളോറിഡയിലെ കേപ് കാനവെറൽ വിക്ഷേപണത്തറയിൽ നിന്ന് സുനിത വില്യംസ് തന്റെ മൂന്നാമത്തെ ബഹിരാകാശയാത്ര ആരംഭിക്കും.

ബോയിങ്ങിന്റെ സി എസ് ടി-100 സ്റ്റാർലൈനർ ബഹിരാകാശവാഹനം യാത്രയ്ക്കായി തയാറെടുപ്പ് തുടങ്ങി. യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ അറ്റ്‌ലസ് 5 റോക്കറ്റിലാണ് പേടകം ബഹിരാകാശത്ത് എത്തിക്കുന്നത്. നാസയിലെ ബഹിരാകാശ യാത്രികനായ ബുച്ച് വിൽമോറും സുനിതയ്‌ക്കൊപ്പമുണ്ട്. ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിൽ ഒരാഴ്ചയോളം തുടരും. ഈ പരീക്ഷണ പറക്കലിന്റെ വിജയത്തിനുശേഷം ബോയിങ് സ്റ്റാർലൈനറിനെ ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിലേക്കുള്ള യാത്രാദൗത്യങ്ങളുടെ ഭാഗമാക്കി നാസ സർട്ടിഫൈ ചെയ്യും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp