‘എന്തിന് മാപ്പ് പറയണം?, കെ.കെ ശൈലജക്കെതിരെ താൻ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചിട്ടില്ല’; ഷാഫി പറമ്പിൽ

വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ.കെ ശൈലജക്കെതിരെ വർഗീയ ധ്രുവീകരണത്തിന് താൻ ശ്രമിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ. പോസ്റ്റ് വ്യാജമാണെന്ന് പലർക്കും മനസിലായി. താൻ മാപ്പ് പറയണമെന്ന് എതിർ സ്ഥാനാർത്ഥി പറയുന്നതിൽ എന്ത് ന്യായമാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഒരാളെ കാഫിർ എന്ന് വിളിച്ച് അധിക്ഷേപിക്കാൻ താൻ തരംതാണിട്ടില്ല. വ്യാജ നിർമ്മിതികളെ കെ കെ ശൈലജ തള്ളിക്കളയണമായിരുന്നുവെന്ന് പറഞ്ഞ ഷാഫി പറമ്പിൽ പകരം തൻ്റെ തലയിൽ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു.

താൻ ബൂത്തുകളിൽ പോയപ്പോൾ സിപിഐഎം തടഞ്ഞുവെന്നും കള്ളവോട്ട് തടസപ്പെടുമെന്ന ഭയമാണ് സിപിഐഎമ്മിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. വടകരയിൽ ജയിക്കും എന്ന കാര്യത്തിൽ സംശയമില്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

ഇതിനിടെ മുതിർന്ന നേതാക്കൾ പ്രചാരണത്തിന് ഇറങ്ങിയില്ലെന്ന സി പി ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ ആരോപണം തെറ്റാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് , ഡിസിസി പ്രസിഡൻ്റ്, ഡി കെ ശിവകുമാർ ഉൾപ്പെടെയുള്ളവർ മുതിർന്നവരും നേതാക്കളും അല്ലേയെന്ന് ഷാഫി പറമ്പിൽ ചോദിച്ചു. ഐക്യരാഷ്ട്ര സഭയിൽ നിന്നും ആളുകളെ ഇറക്കാൻ സമയം കിട്ടിയില്ലെന്നും പരിഹസിച്ചു.
വടകരയിലെ പ്രചാരണം നടത്തിയ സംഘം ഇവിടുത്തെ ജനങ്ങൾ ആണെന്നും അവരെ എന്ത് വിളിക്കണമെന്ന് പി മോഹനന് തീരുമാനിക്കാമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp