ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ പരാതിയിലാണ്‌ കോടതി ഉത്തരവ്. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയായിരുന്നു യദുവിന്‍റെ പരാതി. കന്റോണ്‍മെന്റ് പൊലീസിനോടാണ് കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതി 3 നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ പരാതികളാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. പരാതി കോടതി പൊലീസിന് കൈമാറി. 

ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെയും പൊലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് കെഎസ്ആർടിസി ഡ്രൈവർ യദു കോടതിയെ സമീപിച്ചത്. ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെയാണ് പരാതി. എന്നാൽ സമാനസ്വഭാവമുളള ഹർജിയിൽ കഴിഞ്ഞ ദിവസം എടുത്ത കേസിൽ അന്വേഷണം നടത്തുന്ന കാര്യം സർക്കാർ കോടതിയെ അറിയിക്കാനാണ് സാധ്യത. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ഹർജി പരിഗണിക്കുന്നത്. അതേസമയം, ബസ്സിലെ സിസിടിവിയുടെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ പൊലിസ് അന്വേഷണം തുടരുകയാണ്. പാപ്പനംകോടുളള കെഎസആ‍ടിസി വർക്ക്ഷോപ്പിൽ വെച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇവിടെ നിന്നുള്ള രേഖകള്‍ പൊലീസ് ശേഖരിച്ചു. യദു ഉള്‍പ്പെടെ ബസ് ഓടിച്ചവർ ബസിലുണ്ടായിരുന്ന കണ്ടക്ടർമാർ എന്നിവരുടെ മൊഴി പൊലീസ് വരും ദിവസങ്ങളിൽ രേഖപ്പെടുത്തും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp