പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക പ്രതിസന്ധി; പ്രത്യക്ഷ സമരവുമായി CPIM

പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിനെതിരെ നിക്ഷേപകരെ പങ്കെടുപ്പിച്ച് പ്രത്യക്ഷ സമരവുമായി സിപിഐഎം. കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തണമെന്ന് ജില്ലാ സെക്രട്ടറി വി ജോയി ആവശ്യപ്പെട്ടു. പെരുമ്പഴുതൂരിലെ സാമ്പത്തിക പ്രതിസന്ധി സമരത്തിലൂടെ ഉയർത്തിക്കൊണ്ടുവരാനാണ് സിപിഐഎം ശ്രമം. ഇതിന്റെ തുടക്കമാണ് ബാങ്കിന് മുന്നിലെ പ്രതിഷേധം.

കാലാവധി പൂർത്തിയായിട്ടും നിക്ഷേപത്തുക തിരികെ കിട്ടാത്ത ആളുകൾ സമരത്തിൽ പങ്കെടുത്തു. പതിനെട്ട് കോടി രൂപയുടെ ബാധ്യതയാണ് നിലവിൽ പെരുമ്പഴുതൂർ സഹകരണ ബാങ്കിനുള്ളത്. നിക്ഷേപകർക്ക് എങ്ങനെ പണം തിരിച്ചുനൽകുമെന്നറിയാതെ മാനംനോക്കി നിൽക്കുകയാണ് കോൺഗ്രസ് ഭരണസമിതി. ഇതിനിടയിലാണ് സമ്മർദ്ദവുമായി സിപിഐഎമ്മിന്റെ പരസ്യ സമരം.

ജീവനൊടുക്കിയ സോമസാഗരത്തിൻറെ വീടും സിപിഐഎം നേതാക്കൾ സന്ദർശിച്ചു. ധനസാഹയമായി കർഷക സംഘം സ്വരൂപിച്ച ഒരു ലക്ഷം രൂപ കുടുംബത്തിന് കൈമാറി. ജീവനൊടുക്കിയ സോമസാഗരത്തിന്റെ കുടുംബത്തിന് നിക്ഷേപം തിരികെ നൽകി തത്കാലം വിവാദം തണുപ്പിച്ചെങ്കിലും കൂടുതൽ നിക്ഷേപകർ പണം ചോദിച്ച് ബാങ്കിൽ എത്തുന്നുണ്ട്. ഇവർക്ക് പണം നൽകാൻ തത്കാലം ബാങ്കിന് നിർവാഹമില്ല. 2018ൽ ഹൈകോടതി സ്റ്റേ ചെയ്ത ബാങ്കിന്റെ ഓഡിറ്റ്, നിലവിലെ സാഹചര്യം ബോധ്യപ്പെടുത്തി അനുകൂലമാക്കാനാണ് സഹകരണ വകുപ്പിന്റെ നീക്കം. അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്താനും നീക്കം തുടങ്ങിയിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp