16000 ത്തോളം സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ, ആനുകൂല്യങ്ങൾക്കായി കണ്ടെത്തേണ്ടത് 9000 കോടിയോളം, പ്രതിസന്ധി

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഈ മാസത്തെ ജീവനക്കാരുടെ കൂട്ടവിമരമിക്കൽ ആനുകൂല്യങ്ങൾക്ക് സംസ്ഥാന ധനവകുപ്പ് കണ്ടെത്തേണ്ടത് 9000 കോടി രൂപ. പെൻഷൻ പ്രായം കൂട്ടുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നുണ്ടെങ്കിലും സർക്കാർ ഇത് സ്ഥിരീകരിക്കുന്നില്ല. സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തിൽ എടുക്കാവുന്ന വായ്പാ പരിധിയുടെ കണക്ക് നിശ്ചയിക്കാത്തതിൽ കേരളം കേന്ദ്രത്തെ ആശങ്ക അറിയിച്ചു

ഈ മാസം ആദ്യം മുതൽ സംസ്ഥാനം ഓവർ ഡ്രാഫ്റ്റിലാണ്. നടപ്പു സാമ്പത്തിക വർഷം മുതൽ അതാത് മാസത്തെ പെൻഷൻ വിതരണം ചെയ്യുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും നടപടി തുടങ്ങിയിട്ടില്ല. ഇതിനിടെയാണ് കൂട്ട വിരമിക്കൽ. 16000 ത്തോളം ജീവനക്കാർ ഈ മാസം സര്‍ക്കാര്‍ സര്‍വ്വീസിൽ നിന്ന് പടിയിറങ്ങുമ്പോൾ ആനുകൂല്യങ്ങൾ തീര്‍ത്ത് കൊടുക്കാൻ കണ്ടെത്തേണ്ടത് ഏകദേശം 9000കോടി രൂപയോളമാണ്. പെൻഷൻ ആനുകൂല്യങ്ങൾക്കുള്ള നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കാനുള്ള സാവകാശത്തിൽ മാത്രമാണ് ധനവകുപ്പിന്‍റെ പ്രതീക്ഷ. ഇതിനിടെ ക്ഷേമപെൻഷൻ കൂടി ചേര്‍ന്നാൽ പിന്നെയും ആറ് മാസത്തെ കുടിശികയാകും. ഇതടക്കമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് പെൻഷൻ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച അഭ്യൂഹങ്ങളും ശക്തമാകുന്നത്. ഔദ്യോഗിക ചര്‍ച്ചകളൊന്നും ഇതുവരെ നടന്നിലെന്നാണ് ധനവകുപ്പ് വിശദീകരണം. 

തദ്ദേശ തെരഞ്ഞെടുപ്പ് ഇനി അടുത്ത ഡിംസബറിൽ മാത്രമാണ്. പെൻഷൻ പ്രായം ഒരു വയസ്സെങ്കിലും കൂ്ടുന്നതിന് സാഹചര്യം അനുകൂലമാണെന്ന രാഷ്ട്രീയ അഭിപ്രായം ഉരുത്തിരിയുന്നുണ്ടെന്നാണ് വിവരം. പക്ഷെ നയപരമായ തീരുമാനം ആദ്യം എൽഡിഎഫ് എടുക്കണം. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം ചർച്ചകളുണ്ടാകുമോ എന്നാണ് ആകാംക്ഷ. നടപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിനുള്ള കടപരിധി 37512 കോടി രൂപയാണ്. ഡിസംബര്‍ വരെയുള്ള ആദ്യപാദത്തിൽ എടുക്കാവുന്ന പരിധി കേന്ദ്ര ധനമന്ത്രാലയം അതാത് സംസ്ഥാനങ്ങൾക്ക് മെയ് ആദ്യം നിശ്ചയിച്ച് നൽകുന്നതാണ് പതിവ്. മൂന്നാം ആഴ്ചയിലേക്ക് എത്തിയിട്ടും ഇതുവരെ അറിയിപ്പൊന്നും കിട്ടിയിട്ടില്ല. വായ്പ പരിധി നിശ്ചയിച്ച് കിട്ടും വരെയുള്ള ചെലവുകൾക്കായി 5000 കോടി മുൻകൂര്‍ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം നൽകിയത് 3000 കോടി മാത്രമാണ്. 

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp