‘ഇത്രയും നാൾ കാത്തിരുന്നത് ഈ നിമിഷത്തിന് വേണ്ടി, വേഗം വിധി നടപ്പാക്കണം’; പെരുമ്പാവൂര്‍ വധക്കേസിൽ ഇരയുടെ അമ്മ

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷയിൽ തൃപ്തിയെന്ന് ഇരയുടെ അമ്മ. ഈ നിമിഷത്തിന് വേണ്ടിയാണ് ഇത്രയും നാൾ കാത്തിരുന്നതെന്നും കോടതിയിൽ വിശ്വാസമുണ്ടായിരുന്നുവെന്നും അമ്മ പറഞ്ഞു. വിധി കേട്ട് കോടതിയിൽ നിന്നിറങ്ങവെയായിരുന്നു അമ്മയുടെ പ്രതികരണം. എത്രയും വേഗം വിധി നടപ്പാക്കണമെന്നും കൂട്ടിച്ചേർത്തു.

അമ്മയുടെ വാക്കുകൾ

നാളെ ആരുടെയും കഴുത്തിൽ ഒരായുധം വെച്ച് മുറിക്കാനോ ഒരു കൊലപാതകം ഉണ്ടാകാനോ പാടില്ല. ഈ വിധി വരുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. ഈ ഒരു ദിവസത്തിന് വേണ്ടിയാണ് ഇത്രയും നാൾ കാത്തിരുന്നത്. എന്റെ മകൾ എത്ര വേദനകൾ സഹിച്ചു, ആ വേദന അവനും അനുഭവിക്കണം. തൂക്ക് കയർ കിട്ടണമെന്ന് തന്നെയാണ് ഞാൻ ആഗ്രഹിച്ചത്. അത്ര ക്രൂരമായാണ് എന്റെ മകളെ അയാൾ ഉപദ്രവിച്ചത്. നാളെ ഒരു സ്ത്രീയുടെയും ഒരു കുഞ്ഞിന്റെയും ശരീരത്തിൽ ഇങ്ങനെ ഒരു ക്രൂരത ആരും കാട്ടരുത് എന്ന ഓർമ്മപ്പെടുത്തലാകട്ടെ ഈ വിധി. ഇതുപോലുള്ള വിധികൾ നാളെ നമ്മുടെ രാജ്യത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് കുറച്ചേക്കാൻ സഹായകമാകും. നീതി കിട്ടി. നമ്മുടെ കോടതിയെയും നിയമത്തെയും വിശ്വാസമുണ്ടായിരുന്നു. എന്റെ മകൾ മരിച്ചിട്ട് ഒൻപത് വർഷമായി. അതുകൊണ്ട് തന്നെ എത്രയും വേഗം വിധി നടപ്പാക്കണം എന്നാണ് ആഗ്രഹം.

പ്രതി അമീറുള്‍ ഇസ്ലാമിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളികൊണ്ടാണ് വിധി. സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതിയെന്നാണ് വിധിപ്രസ്താവത്തിനിടെ ഹൈക്കോടതി പറഞ്ഞത്. കൊലപാതകം ഡല്‍ഹി നിര്‍ഭയ കേസിന് സമാനമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ പി ജി അജിത് കുമാര്‍, എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. ശാസ്ത്രീയ തെളിവുകള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ശാസ്ത്രീയ തെളിവുകള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ഉന്നത ബോധ്യത്തോടെ വധശിക്ഷ ശരിവെക്കുന്നു. ഇത്തരമൊരു ക്രൂരകൃത്യം ഇനിമേല്‍ സംഭവിക്കാതിരിക്കാനാണ് വധശിക്ഷയെന്നും കോടതി വ്യക്തമാക്കി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp