ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെയോ, ശശി തരൂരോ? 24 വർഷത്തിനുശേഷം ഗാന്ധി കുടുംബാംഗമല്ലാത്ത ഒരാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്. രാജ്യശ്രദ്ധയാകർഷിച്ച കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഇപ്പോൾ പുരോഗമിക്കുകയാണ് . എഐസിസി ആസ്ഥാനത്ത് രാവിലെ 10 മണി മുതൽ വോട്ടെണ്ണൽ ആരംഭിച്ചു . ഇതിനു മുന്നോടിയായി 68 പോളിങ് ബൂത്തുകളിലെ ബാലറ്റ് പെട്ടികൾ രാജ്യതലസ്ഥാനത്തെ പാർട്ടി ആസ്ഥാനത്തു സജ്ജീകരിച്ച സ്ട്രോങ് റൂമിലേക്ക് എത്തിച്ചിരുന്നു. ഉച്ചയോടെ ഫലപ്രഖ്യാപനം നടക്കും.
കർണാടകത്തിൽ നിന്നുള്ള മല്ലികാർജുൻ ഖാർഗെയും കേരളത്തിൽ നിന്നുള്ള ശശി തരൂരും തമ്മിലാണ് മത്സരം നടന്നത്. ഗാന്ധി കുടുംബത്തിൻ്റെ പിന്തുണയോടെ മത്സരത്തിനിറങ്ങിയ ഖാർഗെയ്ക്ക് തന്നെയായിരിക്കും വിജയമെന്നാണ് വിലയിരുത്തൽ. എന്നാൽ പാർട്ടിക്ക് പുതിയ ഊർജം ആവശ്യമുണ്ടെന്നു ചൂണ്ടിക്കാട്ടി മത്സരത്തിനിറങ്ങിയ തരൂർ പിടിക്കുന്ന വോട്ടുകളും ശ്രദ്ധേയമാകും.രാവിലെ 10 മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. സ്ട്രോംങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന ബാലറ്റ് പെട്ടികൾ ആണ് ആദ്യം പുറത്തെടുത്തത് .100 ബാലറ്റ് പേപ്പറുകൾ വീതം ഒരോ കെട്ടാക്കി മാറ്റിയ ശേഷം നാലു മുതൽ ആറുവരെ ടേബിളുകളിലായി വോട്ടെണ്ണൽ ആരംഭിച്ചു . ആകെ 9497 വോട്ടുകളാണ് പോൾ ചെയ്തത്. 93.48 ആണ് പോളിങ് ശതമാനം.