തൃശൂരിൽ വെള്ളക്കെട്ട് രൂക്ഷം; കുളവാഴകളുമായി പ്രതിപക്ഷ മാർച്ച്

തൃശൂർ: കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായ തൃശൂരിൽ യുദ്ധകാലാടിസ്ഥാനത്തിൽ തോടുകൾ വൃത്തിയാക്കാൻ കോർപറേഷൻ സെക്രട്ടറിക്ക് ജില്ലാ കളക്ടറുടെ നിർദേശം. കാനകൾ വൃത്തിയാക്കുന്ന ജോലികൾ ആരംഭിച്ചു. അശ്വിനി ആശുപത്രിയും പരിസരവും മുങ്ങാനിടയായ വെള്ളക്കെട്ട് മനുഷ്യ നിർമ്മിതമെന്ന് ആരോപിച്ച് പ്രതിപക്ഷം കോർപ്പറേഷനിലേക്ക് കുളവാഴയുമായി മാർച്ച് നടത്തി.

ഇന്നലെ രാത്രി രണ്ടു മണികൂർ പെയ്ത മഴയിൽ നഗരത്തിലെ അശ്വിനി ജങ്ഷൻ, ഇക്കണ്ടവാര്യർ റോഡ്, റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ അരയാൾ പൊക്കത്തിലാണ് വെള്ളം കെട്ടിനിന്നത്, അശ്വിനി ആശുപത്രിയുടെ കാഷ്വാലിറ്റി, മിനി ഐ സി യു ഉൾപ്പെടുന്ന താഴത്തെ നില വെള്ളത്തിലായി. രോഗികളെ മുകളിലത്തെ നിലയിലേക്ക് മാറ്റേണ്ടി വന്നു. ആശുപത്രിയുടെ ഒരു വശത്തുകൂടി പോകുന്ന ഓട അടഞ്ഞതായിരുന്നു വെള്ളക്കെട്ടിന് കാരണം.

രാവിലെയോടെ മഴ ശമിച്ചപ്പോള്‍ വെള്ളം ഇറങ്ങിയെങ്കിലും ചെളി നീക്കാൻ പിന്നെയും സമയമെടുത്തു. മഴക്കാല പൂർവ്വ പ്രവൃത്തി നടപ്പാക്കാത്ത കോർപ്പറേഷനാണ് വെള്ളക്കെട്ടിന് ഉത്തരവാദി എന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തു. മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ കോർപ്പറേഷനിലേക്ക് കുളവാഴയുമായി നടത്തിയ മാർച്ച് പൊലീസ് തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു.

പിന്നീട് പ്രതിഷേധക്കാരെ പൊലീസ് നീക്കി. പ്രതിസന്ധി രൂക്ഷമായതോടെ കോർപ്പറേഷൻ സെക്രട്ടറിയെ കളക്ടർ വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചു. അടിയന്തരമായി തോടുകൾ വൃത്തിയാക്കാൻ നിർദ്ദേശം നൽകി. വെള്ളക്കെട്ടിന്റെ പ്രതിസന്ധിക്കിടെ നഗരം വിട്ട മേയർക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. തിരുവനന്തപുരത്ത് ഔദ്യോഗിക യോഗത്തിന് പോയതാണെന്നാണ് മേയറുടെ ഓഫീസിന്റെ വിശദീകരണം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp