പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം; ഇടുക്കി മെഡിക്കൽ കോളജ് വിദ്യാർഥികളുടെ സമരം ആറാം ദിവസത്തിലേക്ക്

ഇടുക്കി: പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി മെഡിക്കൽ കോളജിലെ വിദ്യാർഥികൾ നടത്തുന്ന രാപ്പകൽ സമരം ആറാം ദിവസത്തിലേക്ക് . പ്രശ്നങ്ങൾ പരഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ജില്ലാ കളക്ടറുമായി ഇന്ന് നടക്കുന്ന ചർച്ചയിലും തീരുമാനമുണ്ടായില്ലെങ്കിൽ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്താനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

ഇടുക്കി മെഡിക്കൽ കോളജിൽ എംബിബിഎസ് രണ്ടാം വർഷ ക്ലാസ് തുടങ്ങി അഞ്ചു മാസം കഴിഞ്ഞിട്ടും വിദ്യാർഥികൾ ലാബ് കണ്ടിട്ടു പോലുമില്ല. ഓപ്പറേഷൻ തിയറ്റർ ഇല്ലാത്തതിനാൽ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയയ്ക്കുന്നതും പഠനത്തിന് തടസ്സമാണ്. ഹോസ്റ്റലിന്റെ പണി പൂർത്തിയാകാത്തതിനാൽ ആൺകുട്ടികളുടെ ഹോസ്റ്റലിലാണ് പെൺകുട്ടികൾ താമസിക്കുന്നത്. പുതിയതായി 100 കുട്ടികൾ കൂടി എത്തുമ്പോൾ വീണ്ടും താമസ സൗകര്യമില്ലാതാകും. പഠിക്കുന്നതിന് 50 പേർക്കുള്ള ഒരു ലക്ചറർ ഹാൾ മാത്രമാണുള്ളത്.

പ്രശ്നം പരിഹരിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി ചർച്ചക്ക് ക്ഷണിച്ചെങ്കിലും വിദ്യാ‍ത്ഥികളെ നേരിട്ട് കാണാൻ തയ്യാറായില്ല. പ്രൈവറ്റ് സെക്രട്ടറിയെയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെയും കാര്യങ്ങൾ ധരിപ്പിച്ച് മടങ്ങേണ്ടി വന്നു. മുൻപ് സമരം നടത്തിയപ്പോൾ ഒത്തുതീർപ്പിനായി പറഞ്ഞ കാര്യങ്ങൾ വീണ്ടും ആവർത്തിക്കുക മാത്രമാണ് ചെയ്തതെന്നു വിദ്യാർഥികൾ പറഞ്ഞു. അതേസമയം പണികൾ വൈകാൻ‌ കാരണം ഏറ്റെടുത്ത് നടത്തുന്ന സർക്കാർ ഏജൻസിയായ കിറ്റ്കോയുടെ അലംഭാവമാണെന്നാണ് ആരോപണം. 150 കോടിയിലധികം രൂപ കിറ്റ്കോയ്ക്ക് കൈമാറിയിട്ടും കൂടുതൽ പണം ആവശ്യപ്പെട്ടാണ് ജോലികൾ വൈകിപ്പിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp