മഴക്കാലമായതോടെ അപകടക്കെണിയായിരിക്കുകയാണ് കാഞ്ഞിരമറ്റം – പുത്തൻകാവ് റോഡ്. മഴ പെയ്ത വെള്ളം ഒഴുകിപോകാതെ റോഡിൽ കെട്ടി നിന്ന് വാഹന യാത്രികർക്കും കാൽനട യാത്രികർക്കും ഒരുപോലെ ഭീഷണിയാണിപ്പോൾ ഈ റോഡ്. മഴപെയ്തതോടെ രൂപപ്പെട്ട വലിയ ഗർത്തങ്ങളിൽ വെള്ളം കെട്ടി നിന്ന് ഇരു ചക്ര വാഹന യാത്രികർക്ക് ഏത് നിമിഷവും അപകടം സംഭവിക്കാവുന്ന അവസ്ഥയാണ് ഈ റോഡിൽ ഉള്ളത് .
വെള്ളം നിറഞ്ഞു നിൽക്കുന്ന ഭാഗത്തെ കുഴിയുടെ ആഴം അറിയാതെഎത്തുന്ന വാഹനങ്ങൾ കുഴിയിൽ ഇറങ്ങി നിയന്ത്രണം നഷ്ടമാകാനും സാദ്ധ്യതയുണ്ട്. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വളരെ ബുദ്ധിമുട്ടാണ് ഇതിലൂടെ കടന്നു പോകുന്നത്. വെള്ളക്കെട്ടിലൂടെ വാഹങ്ങൾ കടന്നു പോകാൻ ബുദ്ധിമുട്ടുന്നതിനാൽ ഈ ഭാഗത്ത് ഗതാഗത കുരുക്കും നിത്യ സഭവമാണ്. എറണാകുളം – കോട്ടയം റൂട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഈ റോഡിൻറെ പരിതാപവസ്ഥ കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതർ. റോഡിൻറെ ഇരുവശവും കാട് പിടിച്ച അവസ്ഥയായതിനാൽ കാൽ നട യാത്ര പോലും അസാധ്യമാണ് ഇപ്പോൾ. അപകടങ്ങൾ തുടർക്കഥയായ ഈ റോഡിൽ കഴിഞ്ഞ ദിവസവും നിയന്ത്രണം വിട്ട കാർ സമീപത്തെ തോട്ടിൽ പതിച്ചിരുന്നു