വയനാട്ടിൽ വേരുറപ്പിച്ച് രാഹുൽ; ലീഡ് 3 ലക്ഷം കടന്നു, സുരേന്ദ്രൻ മൂന്നാമത്

കൽപ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണയും യുഡിഎഫിനെ കൈവിടാതെ വയനാട് മണ്ഡലം. വൻഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധി വിജയം ഉറപ്പിച്ചു കഴിഞ്ഞു. രണ്ടര ലക്ഷത്തിലേറെ വോട്ടുകളുടെ ലീഡുമായി മുന്നേറുകയാണ് രാഹുൽ. രാഹുലിന് 5,85,413 വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. 3,24,320 വോട്ടുകളുടെ ഭൂരിപക്ഷം രാഹുലിന് ലഭിച്ചു കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജയ്ക്ക് 2,63,561 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ. സുരേന്ദ്രന് വെറും 1,34,814 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ.

നിലവിൽ മൂന്നാം സ്ഥാനത്ത് ആണെങ്കിലും 2019 ലെ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന തുഷാർ വെള്ളാപ്പള്ളി നേടിയതിനേക്കാൾ വോട്ട് ഉയർത്താൻ ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന് സാധിച്ചിട്ടുണ്ട്. അവസാനഘട്ട വോട്ടെണ്ണലിലേക്ക് കടക്കുമ്പോൾ തുഷാർ വെള്ളാപ്പള്ളിയേക്കാൾ നാൽപതിനായിരം വോട്ടുകളുടെ അടുത്ത് അധികമായി ഇതിനോടകം കെ സുരേന്ദ്രൻ നേടിയിട്ടുണ്ട്. അതേസമയം 2019ലെ സിപിഐ സ്ഥാനാർത്ഥിയുടെ വോട്ടിനേക്കാൾ പിന്നിലാണ് സിപിഐ ദേശീയ നേതാവ് കൂടിയായ ആനീ രാജയുടെ വോട്ട് നേട്ടം.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ലോക്‌സഭാ മണ്ഡലം കൂടിയാണ് വയനാട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലേക്ക് വയനാട് പ്രവേശിക്കുന്നത് 2009ൽ മാത്രമാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രദേശങ്ങളും വയനാട് ജില്ല പൂർണമായും ഉൾപ്പെടുന്നതാണ് ഈ ലോക്സഭാ മണ്ഡലം. ആകെ ഏഴ് നിയമസഭാ മണ്ഡലങ്ങൾ. വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ, നിലമ്പൂർ എന്നിവയാണവ. കോൺഗ്രസും സിപിഐയുമാണ് മണ്ഡലത്തിലെ പ്രധാന പാർട്ടികൾ.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 431,770 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. 706,367 വോട്ടുകളോടെ 65.00% വോട്ട് ഷെയറായിരുന്നു രാഹുലിന് ലഭിച്ചത്. 274,597 വോട്ടുകൾ നേടിയ സിപിഐയിലെ പിപി സുനീറിനെയാണ് രാഹുൽ പരാജയപ്പെടുത്തിയത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp