മൂന്നാമൂഴം; എന്‍ഡിഎ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ശനിയാഴ്ച?

ന്യൂഡൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സൂചന. രാഷ്ട്രപതിഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നും ഇന്‍ഡ്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. നരേന്ദ്രമോദി,രാജ്നാഥ് സിങ് , അമിത് ഷാ എന്നിവർ രാഷ്ട്രപതിഭവനിലെത്തിയിട്ടുണ്ടെന്നാണ് വിവരം. സർക്കാർ രൂപീകരിക്കാൻ ഘടകകക്ഷികളുടെ പിന്തുണ അറിയിച്ചുള്ള കത്ത് കൈമാറും. രണ്ടാം മോദി സർക്കാരിന്റെ രാജിക്കത്തും കൈമാറും.

സർക്കാർ രൂപീകരണ ചർച്ചകൾക്കായി ജെഡിയു നേതവ് നിതീഷ് കുമാറും, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും ഡൽഹിയിലെത്തിയിട്ടുണ്ട്. സർക്കാർ രൂപീകരിക്കുമെന്ന് നിതീഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്‍ഡിഎ യോഗത്തില്‍ പവന്‍ കല്യാണും പങ്കെടുക്കും. എൻഡിഎ എംപിമാരുടെ യോ​ഗം വെള്ളിയാഴ്ച ഉച്ചയ്ക്ക് ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.

ആറു കേന്ദ്ര മന്ത്രി, സഹമന്ത്രി സ്ഥാനങ്ങൾ ആവശ്യപ്പെടാനാണ് ടിഡിപിയുടെ തീരുമാനം. ആരോഗ്യം, കൃഷി, ഗതാഗതം, വിദ്യാഭ്യാസം തുടങ്ങിയ മന്ത്രാലയങ്ങളാണ് ടിഡിപി ലക്ഷ്യമിട്ടിരിക്കുന്നത്.

അതേസമയം, ഇൻഡ്യ സഖ്യത്തെ നയിക്കുന്ന കോണ്‍ഗ്രസ് നിതീഷിനേയും നായിഡുവിനേയും മറുകണ്ടംചാടിക്കാനുള്ള ശ്രമം തുടരുകയാണ്. ജെഡിയുവിനേയും ടിഡിപിയേയും ഒപ്പംചേര്‍ത്ത് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസും നടത്തുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp