വയനാട്: മൂലങ്കാവ് സർക്കാർ സ്‌കൂളിലെ വിദ്യാർഥിക്കെതിരെ റാഗിങ് നടന്ന സംഭവത്തിൽ മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. വകുപ്പുതല അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാനാണ് വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ് എ അബൂബക്കറിന് നിർദേശം നൽകിയത്.
പരിചയപ്പെടാനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയി ഒരു സംഘം വിദ്യാർഥികൾ മർദിക്കുകയായിരുന്നു എന്നാണ് പരാതി. കത്രിക കൊണ്ട് നെഞ്ചിൽ കുത്തുന്നത് തടയാന്‍ ശ്രമിക്കവേ വിദ്യാർഥിയുടെ മുഖത്ത് കുത്തേൽക്കുകയായിരുന്നു. ഇടിച്ചതിനെ തുടർന്ന് വിദ്യാർഥിയുടെ തലയ്ക്കും മൂക്കിനും പരിക്കേറ്റിട്ടുണ്ട്. സ്‌കൂളിൽ വെച്ചുപൊറുപ്പിക്കില്ല എന്ന് ആക്രമിച്ചവർ ഭീഷണിപ്പെടുത്തിയതായും അവരെ കണ്ടാൽ അറിയാമെന്നും പരിക്കേറ്റ വിദ്യാർഥി പറഞ്ഞു.
വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറോട് സംഭവ സ്ഥലം സന്ദർശിക്കാനും ഇരയായ കുട്ടിയേയും രക്ഷിതാക്കളെയും നേരിൽ കാണാനും മന്ത്രി നിർദേശം നൽകി. വയനാട് എസ്.പി യുമായി മന്ത്രി ഫോണിൽ ആശയവിനിമയം നടത്തി.വിദ്യാർത്ഥിയുടെ അമ്മയെയും സ്‌കൂൾ പി.ടി.എ പ്രസിഡന്റിനെയും മന്ത്രി ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. റാഗിങ് ഒരു കാരണവശാലും ക്യാമ്പസിൽ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.