മൂന്നാം മോദി സർക്കാർ ഇന്ന് അധികാരമേൽക്കും; ലോകനേതാക്കൾ നേതാക്കൾ ഡൽഹിയിൽ

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വൈകീട്ട് 7.15 ന് രാഷ്ട്രപതി ഭവൻ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. നരേന്ദ്രമോദിയെ കൂടാതെ സഖ്യകക്ഷികളിൽ നിന്നടക്കം 30 ഓളം പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. എണ്ണായിരത്തോളം അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുക. ബിജെപിയുടെയും സഖ്യകക്ഷികളുടെയും പ്രധാന നേതാക്കൾക്ക് പുറമേ ആറ് രാഷ്ട്രനേതാക്കളും പങ്കെടുക്കും. പുതിയ പാർലമെന്റ് നിർമ്മാണത്തിൽ പങ്കാളികളായ തൊഴിലാളികൾ, വന്ദേ ഭാരത്, മെട്രോ എന്നിവയുടെ നിർമ്മാണത്തിൽ പങ്കാളികളായവര്‍ക്കും ക്ഷണമുണ്ട്.

മൂന്നാമത് എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ വേളയിൽ ഇത്തവണ വിദേശ പ്രാധിനിത്യം കൂടുതലാണ്.മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു, ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ, ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നാംഗ്യേൽ വാങ്ചുക്ക്,മൗറീഷ്യസ് പ്രധാനമന്ത്രി എന്നിവർ പങ്കെടുക്കുമെന്നാണ് വിവരം. ചടങ്ങിന്റെ ഭാഗമാകാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സെയ്ഷെൽസ് വൈസ് പ്രസിഡൻ്റ് അഹമ്മദ് അഫീഫും ഡൽഹിയിൽ ഇന്നലെ എത്തിച്ചേർന്നു.

വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്ര മോദിക്ക് നിരവധി ലോക നേതാക്കളും പ്രമുഖരും ആശംസകൾ അറിയിച്ചു.യമൻ പ്രധാനമന്ത്രി അഹമ്മദ് ബിൻ മുബാറക്, ബെൽജിയം പ്രധാനമന്ത്രി അലക്സാണ്ടർ ഡിക്രൂ, അയർലൻഡ് പ്രധാനമന്ത്രി സൈമൺ ഹാരിസ്, സ്വിറ്റ്സർലൻഡ് പ്രസിഡണ്ട് വയോള അംഹെർഡ്, അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ തുടങ്ങിയ നിരവധി ലോകരാഷ്ട്ര നേതാക്കളും ടെസ്ല സിഇഒ എലോൺ മസ്കും ആശംസകൾ അറിയിച്ചു. വ്യത്യസ്ത മതങ്ങളിലെ 50 ഓളം പുരോഹിതരെയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.പ്രമുഖരായിട്ടുള്ള അഭിഭാഷകർ, ഡോക്ടർമാർ, കലാകാരന്മാർ, സാംസ്കാരിക പ്രവർത്തകർ കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ എന്നിങ്ങനെ ആയിരക്കണക്കിന് ആളുകൾക്കാണ് ക്ഷണം.ഇവർക്ക് പുറമേ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ,ഈ പൊതു തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികൾ, സംഘടനാ ചുമതല വഹിക്കുന്ന ഭാരവാഹികൾ എന്നിങ്ങനെ ആയിരത്തിലധികം വ്യക്തികളാണ് ചടങ്ങിന്റെ ഭാഗമാകുന്നത്. സത്യപ്രതിജ്ഞ നടക്കുന്ന രാഷ്ട്രപതി ഭവൻ വർണ്ണാഭമായ ലൈറ്റുകൾ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp