ഇന്ത്യയിൽ വീണ്ടും മനുഷ്യരിൽ പക്ഷിപ്പനി; നാല് വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചു

കൊൽക്കത്ത: ഇന്ത്യയിൽ അഞ്ച് വർഷത്തിനിടയിൽ ഇതാദ്യമായി മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പശ്ചിമബംഗാളിൽ നാല് വയസ്സുകാരിക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം പുറത്തുവിട്ടത്. എച്ച് 9 എൻ 2 വൈറസാണ് ഈ രോഗത്തിന് കാരണം. ശ്വാസകോശ സമ്പന്ധമായ പ്രശ്നങ്ങളും കടുത്ത പനിയും അടിവയറ്റിൽ വേദനയുമായി ഫെബ്രുവരിയിൽ കുട്ടിയെ ഒരു പ്രാദേശിക ആശുപത്രിയിൽ കുട്ടികൾക്കുള്ള ഐസിയുവിൽ പ്രവേശിപ്പിച്ചു. പിന്നീട് മൂന്ന് മാസം നീണ്ട ചികിത്സയ്ക്കൊടുവിൽ ആശുപത്രി വിട്ടുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

കുട്ടി വീടിന് സമീപത്തെ പക്ഷി വളർത്തൽ കേന്ദ്രത്തിൽ പോയിരുന്നു. എന്നാൽ കുട്ടിയുമായി അടുത്തിടപഴകിയ മറ്റാർക്കും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യയിൽ ഇത് രണ്ടാമത്തെയാളിലാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. അഞ്ച് വർഷം മുമ്പ് 2019 ൽ ഒരാളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. എച്ച് 9 എൻ 2 വൈറസ് ബാധയാൽ സാധാരണയായി ചെറിയ ആരോഗ്യപ്രശ്നങ്ങൾ മാത്രമാണ് ഉണ്ടാകാറുള്ളത്. എന്നാൽ കോഴിയിറച്ചികളിൽ സാധാരണയായി കണ്ടുവരുന്ന ഏവിയൻ ഇൻഫ്ലുവൻസ വൈറസുകളിലൊന്നായതിനാൽ മനുഷ്യരിലേക്ക് കൂടുതലായി ബാധിക്കാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp