‘ഞാൻ വലിയൊരു ധർമ്മ സങ്കടത്തിലാണ്, വയനാടോ റായ്ബറേലിയോ’?; വയനാട്ടിലെ ജനങ്ങളോട് രാഹുൽ ​ഗാന്ധി

കൽപ്പറ്റ: ഭരണഘടന ഇല്ലാതായാൽ നമ്മുടെ പാരമ്പര്യം തന്നെ ഇല്ലാതാവുമെന്ന് കോൺ​ഗ്രസ് നേതാവും വയനാട് മണ്ഡലത്തിലെ നിയുക്ത എംപിയുമായ രാഹുൽ ഗാന്ധി. ഈ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് തെരെഞ്ഞെടുപ്പിൽ നടത്തിയത്. ഒരു ഭാഗത്ത് ഭരണഘടനയെ മുറുകെ പിടിച്ചവർ മറുഭാഗത്ത് ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നവരാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. വയനാട് മണ്ഡലത്തിൽ വോട്ടർമാരോട് നന്ദി പറയാനെത്തിയതാണ് രാഹുൽ. ഞാൻ വലിയൊരു ധർമ്മ സങ്കടത്തിലാണെന്നും വയനാട് തുടരണോ റായ് ബറേലി തുടരണോയെന്നും രാഹുൽ ​ഗാന്ധി ജനങ്ങളോട് പറഞ്ഞു.

‘ഞാൻ ഒരു സാധാരണ മനുഷ്യനാണ്. അന്വേഷണ ഏജൻസികൾ കയ്യിലുള്ളത് എന്തും ചെയ്യാനുള്ള അധികാരമായി ചിലർ കണ്ടു. രാജ്യത്തെ ജനങ്ങൾ അവർക്ക് കാര്യം മനസിലാക്കി കൊടുത്തു. ഭരണഘടന ഞങ്ങളുടെ അഭിമാനമാണ്. അതിൽ തൊട്ടു കളിക്കരുതെന്ന് രാജ്യത്തെ ജനങ്ങൾ പ്രധാനമന്ത്രിയെ ഓർമ്മപ്പെടുത്തിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ധാർഷ്ട്യത്തെ വിനയം കൊണ്ടാണ് വോട്ടർമാർ തോൽപ്പിച്ചത്. ബിജെപി അയോധ്യയിൽ തോറ്റു. പ്രധാനമന്ത്രി തന്നെ കഷ്ടിച്ചാണ് വിജയിച്ചു കയറിയത്. ഇന്ത്യയിൽ സമ്പൂർണ്ണ അധികാരമല്ല നരേന്ദ്ര മോദിക്ക് കിട്ടിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് എല്ലാം ദൈവം ചെയ്തു കൊടുക്കും. എനിക്ക് ഞാൻ തന്നെ ചെയ്യണം. വിചിത്രമായ പരമാത്മാവ് ആണ് മോദിയെ നിയന്ത്രിക്കുന്നത്. അദാനിക്ക് വിമാനത്താവളങ്ങൾ കൊടുക്കാൻ പരമാത്മാവ് പറയുന്നു. പ്രധാനമന്ത്രി കൊടുക്കുന്നു’.-രാഹുൽ ​ഗാന്ധി പറഞ്ഞു.

എൻ്റെ ദൈവം രാജ്യത്തെ പാവങ്ങളായ ജനങ്ങളാണ്. എൻ്റെ ദൈവം വയനാടിലെ ജനങ്ങളാണ്. എത് മണ്ഡലം ഒഴിയണമെന്ന്‌ നിങ്ങൾ പറയൂ. ഏത് മണ്ഡലം ഒഴിഞ്ഞാലും സ്വീകരിച്ചാലും ഞാൻ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാവുമെന്നും പറഞ്ഞ രാഹുൽ വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറയുകയും ചെയ്തു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp