കുവെെറ്റ് ദുരന്തം; മൃതദേഹങ്ങള്‍ കൊച്ചിയിലെത്തുക 10.30-ഓടെ; പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലേക്ക്‌

കൊച്ചി: കൂവൈത്ത് തീപ്പിടിത്ത ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ 10.30-ഓടെ കൊച്ചിയിലെത്തും. ഇന്ത്യന്‍ സമയം 6.20-ഓടെ കുവൈത്തില്‍നിന്ന് പുറപ്പെട്ട വിമാനം 8.30-ഓടെ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, പത്തുമണിക്കുശേഷമേ നെടുമ്പാശ്ശേരിയില്‍ എത്തുകയുള്ളൂവെന്ന്‌ മന്ത്രി കെ. രാജന്‍ അറിയിച്ചു.

വിമാനത്താവളത്തില്‍ അധികനേരം പൊതുദര്‍ശനമുണ്ടാകില്ല. മൃതദേഹങ്ങള്‍ എത്രയുംപെട്ടെന്ന് വീടുകളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. നെടുമ്പാശ്ശേരിയില്‍ സംസ്ഥാന സര്‍ക്കാര്‍ അന്തിമോപചാരം അര്‍പ്പിക്കും. കുടുംബാംഗങ്ങള്‍ക്ക് കാണാനും സൗകര്യമൊരുക്കും. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ വിമാനത്തില്‍ വീടുകളിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഒരാള്‍ കൂടി മരിച്ചതോടെ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം 50 ആയി.

ഡല്‍ഹിയില്‍ വിമാനം എത്തി അവിടുന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനായിരുന്നു വിദേശകാര്യമന്ത്രാലയം ആലോചിച്ചത്. എന്നാല്‍, ചീഫ് സെക്രട്ടറി കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍, ഏറ്റവും കൂടുതല്‍ പേര്‍ കേരളത്തില്‍നിന്നുള്ളവരായതുകൊണ്ട് നെടുമ്പാശ്ശേരിയില്‍ എത്തിച്ച് മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. 23 മലയാളികള്‍, ഏഴ് തമിഴ്‌നാട്ടുകാര്‍, ഒരു കര്‍ണാടക സ്വദേശി എന്നിവരുടെ മൃതദേഹം നെടുമ്പാശ്ശേരിയില്‍ ഇറക്കും. 14 മൃതദേഹങ്ങള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോവുമെന്നും കെ. രാജന്‍ പറഞ്ഞു. മരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി മുംബൈയില്‍ സ്ഥിര താമസക്കാരനാണ്.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങും ഉദ്യോഗസ്ഥരും വിമാനത്തിലുണ്ട്. കൊച്ചിയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് ഏറ്റുവാങ്ങും.

കുവൈത്തിലെ മംഗെഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി. കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തില്‍ ബുധനാഴ്ചയാണ് അഗ്നിബാധയുണ്ടാകുന്നത്. ദുരന്തത്തില്‍ മരിച്ച 49 പേരില്‍ 45 പേരും ഇന്ത്യക്കാരായിരുന്നു. ഇതില്‍ 24 പേര്‍ മലയാളികളാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp