കുവൈറ്റ് ദുരന്തം; കൂടുതല്‍ മരണങ്ങളും പുക ശ്വസിച്ച്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെ വിവരങ്ങള്‍

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗഫിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഭൂരിഭാഗം ആളുകളും മരിച്ചത് പുക ശ്വസിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. 31 പേരാണ് പുക ശ്വസിച്ച് മരിച്ചത്. 14 പേർ പൊള്ളേലേറ്റാണ് മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

മരിച്ചവരുടെ മൃതദേഹങ്ങളുമായി ഇന്ത്യൻ വ്യോമയാന വിമാനം കൊച്ചിയിലെത്തി. 45 മൃതദേഹവുമായാണ് വിമാനം കൊച്ചിയിലെത്തിയത്. 23 മലയാളികള്‍ ഉള്‍പ്പടെ 31 പേരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനായി മുഖ്യമന്ത്രിയും മന്ത്രിമാരും വിമാനത്താവളത്തിലെത്തി. പ്രത്യേകം തയ്യാറാക്കിയ ആംബുലൻസുകളിൽ മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകുമെന്നും കളക്ടർ പറഞ്ഞു.

കുവൈറ്റ് മം​ഗഫിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിൽ ബുധനാഴ്ച പുലർച്ചെയാണ് അ​ഗ്നിബാധയുണ്ടായത്. തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് കുവൈറ്റ് ഫയര്‍ഫോഴ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗാര്‍ഡിന്റെ റൂമില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്‍ഫോഴ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി. അപകടത്തില്‍ 50 ഇന്ത്യക്കാരാണ് മരിച്ചത്. 49 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞു. വിവിധ ആശുപത്രികളിലായി 28 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. അതേസമയം ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന അഞ്ച് മലയാളികൾ അപകട നില തരണം ചെയ്തതായും വിവരമുണ്ട്. മരിച്ചവരിവരുടെ എണ്ണം കേരളം- 23, തമിഴ്നാട്- ഏഴ്, ഉത്തർപ്രദേശ്- നാല്, ആന്ധ്രാപ്രദേശ്- മൂന്ന്, ബിഹാർ- രണ്ട്, ഓഡീഷ- രണ്ട്, ജാർഖണ്ഡ്- ഒന്ന്, കർണാടക- ഒന്ന്, മഹാരാഷ്ട്ര- ഒന്ന്, പഞ്ചാബ്- ഒന്ന്, പശ്ചിമ ബംഗാൾ- ഒന്ന് എന്നിങ്ങനെയാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp