പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ് ഒത്തുതീർപ്പാക്കിയെന്ന് പ്രതി രാഹുൽ; കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ് ഒത്തുതീർപ്പാക്കിയെന്ന് പ്രതി രാഹുൽ പി ​ഗോപാൽ. യുവതിയുടെ സത്യവാങ്മൂലം അം​ഗീകരിച്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. പരാതി പിൻവലിച്ചെന്ന യുവതിയുടെ സത്യവാങ്മൂലം കോടതിയിൽ ഹാജരാക്കി. കേസ് ഇന്ന് ഹൈക്കോടതി പരി​ഗണിക്കാനിരിക്കെയാണ് പ്രതിയുടെ ആവശ്യം.യുവതിയുമായി കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പിലെത്തിയെന്ന് ഹർജിയിൽ പ്രതി വ്യക്തമാക്കി. വീട്ടുകാർ പറ‍ഞ്ഞതനുസരിച്ചാണ് എല്ലാം ചെയ്തതെന്നും പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം കള്ളമാണെന്നും വെളിപ്പെടുത്തിക്കൊണ്ട് യുവതി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരുന്നു. കേസിൽ പ്രതിയായ രാഹുൽ തന്നെ ഉപദ്രവിച്ചിച്ചിട്ടില്ലെന്നും പരാതിയിൽ പറഞ്ഞതെല്ലാം കള്ളമാണെന്നും വെളിപ്പെടുത്തിയാണ് യുവതി ആദ്യ വീഡിയോ പുറത്തുവിട്ടത്.

ബന്ധുക്കളുടെ സമ്മർദത്തെ തുടർന്നാണ് ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതി നൽകിയതെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ യുവതിയെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും സുരക്ഷിതയാണെന്നും പറഞ്ഞുകൊണ്ട് മറ്റൊരു വീഡിയോ യുവതി പുറത്തുവിട്ടിരുന്നു. കുടുംബത്തിന്റെ പരാതിയിൽ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വീട്ടുകാർക്കൊപ്പം പോകാൻ താത്പര്യമില്ലെന്ന് യുവതി പറഞ്ഞു. തുടർന്ന് യുവതിയെ വക്കീലിന് ഒപ്പം പൊലീസ് വിട്ടയച്ചു. യുവതി ഡൽഹിക്ക് തിരികെ പോയി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp