നാനൂറു കോടി വിഡിയോകളിലെ ആ ഒറ്റ വിഡിയോ! യൂട്യൂബിലെ ഏറ്റവും പ്രധാനപ്പെട്ടത്…

നാനൂറു കോടിയോളം വിഡിയോകളാണ് ഇന്ന് യൂട്യൂബിൽ. എന്നാൽ ഇതിലെ ഒരു വിഡിയോ മറ്റെല്ലാ വിഡിയോയെക്കാളും പ്രാധാന്യം അർഹിക്കുന്നതാണ് എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയും. മറ്റൊന്നുമല്ല ഇത്. യൂട്യൂബിലെ ആദ്യ വിഡിയോ ആണ് ഇത്. 2005 ഫെബ്രുവരി 14നാണു യൂട്യൂബ്  ആദ്യമായി തുടങ്ങിയത്. സീറ്റീവ് ഷെൻ, ചാഡ് ഹർലി, ജാവേദ് കരിം എന്നീ മൂന്നു ചെറുപ്പക്കാർ ചേർന്നായിരുന്നു ഈ സംരംഭം. പേയ്പാൽ കമ്പനിയിലെ മുൻ ജീവനക്കാരായിരുന്നു ഇവർ. 

ജാവേദാണ് യൂട്യൂബിലെ ആദ്യ വിഡിയോ അപ്‌ലോഡ‍് ചെയ്തത്. ‘ജാവേദ്’ എന്നു പേരുള്ള യൂട്യൂബ് അക്കൗണ്ടിൽ നിന്നായിരുന്നു ഇത്.  ജാവേദിന്റെ സുഹൃത്തായ യാക്കോവ് ലാപിറ്റ്സ്കിയാണ് ഈ വിഡിയോ അന്നു ഷൂട്ട് ചെയ്തത്.‘മി അറ്റ് ദ സൂ’ അഥവാ മ‍ൃഗശാലയിൽ ഞാൻ എന്ന വിഡിയോ ഷൂട്ട് ചെയ്തത് കലിഫോർണിയയിലെ സാൻ ഡീഗോ മൃഗശാലയിലായിരുന്നു. അവിടത്തെ ആനസംരക്ഷണ കേന്ദ്രത്തിൽ ആനകളെക്കുറിച്ചും അവയുടെ സവിശേഷതയെക്കുറിച്ചും വിവരിക്കുന്ന വിഡിയോ 2005 ഏപ്രിൽ 23നാണ് അപ്‌ലോഡ‍് ചെയ്യപ്പെട്ടത്. വെറും 19 സെക്കൻഡു മാത്രം ദൈർഘ്യമുള്ള ഈ ചെറുവിഡിയോയിൽ രണ്ട് ആഫ്രിക്കൻ ആനകൾ നിൽക്കുന്നതും കാണാം.

നിർജീവമാണ് പക്ഷേ, 48 ലക്ഷത്തോളം ആളുകൾ

ഇന്ന് 48 ലക്ഷത്തോളം പേർ ജാവേദ് എന്ന ചാനലിനു സബ്സ്ക്രൈബേഴ്സായുണ്ട്. എന്നാൽ അതിനു ശേഷം ആ ചാനലിൽ നിന്ന് ഒരു വിഡിയോ പോലും വന്നിട്ടില്ല, നിർജീവമാണ് ആ അക്കൗണ്ട്. ഇതുവരെ 32 കോടിയിലധികം ആളുകൾ ജാവേദിന്റെ വിഡിയോ കണ്ടിട്ടുണ്ട്. ഒന്നരക്കോടിയിലധികം ലൈക്കുകളും ഈ വിഡിയോയ്ക്കുണ്ട്. ഇന്നും ആളുകൾ ഈ വിഡിയോ തേടിപ്പിടിച്ചു കാണുന്നു. ന്യൂയോർക്ക് ഓബ്സർവർ ഒരിക്കൽ യൂട്യൂബിലെ ഏറ്റവും പ്രാധാന്യമുള്ള വിഡിയോയായി തിരഞ്ഞെടുത്തത് ഇതിനെയാണ്. പിൽക്കാലത്ത് യൂട്യൂബിന്റെ മുഖമുദ്രയായി മാറിയ വ്ലോഗുകളുടെ ആദ്യപതിപ്പായും ഇതു വ്യാഖ്യാനിക്കപ്പെടുന്നു. 

സംഭവമിതൊക്കെയാണെങ്കിലും യൂട്യൂബിലെ ആദ്യ വൈറൽ വിഡിയോ ഇതല്ല.റൊണാൾഡിഞ്ഞോയ്ക്ക് ഗോൾഡൻ ബൂട്സ് പുരസ്കാരം ലഭിച്ചതിന്റെ ദൃശ്യങ്ങളാണ് ആ പെരുമയ്ക്കർഹമായ ആദ്യ വിഡിയോ.കിഴക്കൻ ജർമനിയിൽ 1979ൽ ജനിച്ച ജാവേദ് കരിമിന്റെ അച്ഛൻ ബംഗ്ലദേശുകാരനും അമ്മ ജർമൻകാരിയുമായിരുന്നു. ഇലിനോയ് സർവകലാശാലയിൽ കംപ്യൂട്ടർ സയൻസ് ബിരുദപഠനം തുടങ്ങിയെങ്കിലും ജാവേദ് അതു മുഴുമിപ്പിച്ചില്ല. ഇൻഡ്യാന സർവകലാശാലയിലെ മുൻ വിദ്യാർഥിയാണ് യൂട്യൂബ് സഹസ്ഥാപകനായ ചാഡ് ഹർലി, സ്റ്റീവ് ഷെൻ തയ്‌വാനിൽ ജനിച്ച് യുഎസിൽ കുടിയേറ്റമുറപ്പിച്ചയാളാണ്.

തുടക്കമിട്ട വർഷമായ 2005 ൽ തന്നെ യൂട്യൂബ് ഇന്റർനെറ്റ് ലോകത്ത് പുതുതരംഗം സൃഷ്ടിച്ചു. ആ വർഷം ഡിസംബറായപ്പോഴേക്കും 20 ലക്ഷം വിഡിയോ വ്യൂകൾ യൂട്യൂബിനുണ്ടായി. തൊട്ടടുത്ത വർഷം ഇത് 5 ഇരട്ടിയായി. പിന്നീട് യൂട്യൂബിനെ പിടിച്ചാൽ കിട്ടാത്ത അവസ്ഥയായി. ഒടുവിൽ തങ്ങളുടെ കൈയിലെ സൗകര്യങ്ങൾ വച്ച് യൂട്യൂബ് നടത്തുക പ്രാവർത്തികമല്ലെന്നു മനസ്സിലാക്കിയ സ്ഥാപകർ കമ്പനി ഗൂഗിളിനു കൈമാറി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp