ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി പരസ്യപ്പോരിനൊരുങ്ങി ഇടതുമുന്നണി. ഇന്നും നാളെയും വലിയ പ്രതിഷേധ പരിപാടികളാണ് എൽഡിഎഫ് സംഘടിപ്പിക്കുന്നത്. സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് നേതൃത്വം ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് പ്രതിഷേധക്കൂട്ടായ്മ നടത്തും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നേതൃത്വം നൽകും. വിദ്യാർത്ഥി, യുവജന സംഘടനകളും ഗവർണർക്കെതിരായ പരസ്യ പ്രതിഷേധത്തിൽ പങ്കെടുക്കും.
കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ വി.സിമാർ ഉടൻ രാജി വയ്ക്കണമെന്ന കത്ത് അസാധുവായെന്നും 9 വി.സിമാർക്കും സ്ഥാനത്ത് തുടരാമെന്നും ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്നലെ നൽകിയ കാരണം കാണിക്കൽ നോട്ടീസ് പ്രകാരം ഗവർണർ/ചാൻസലർ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഒമ്പത് സർവകലാശാലകളിലെയും വൈസ് ചാൻസലർമാർക്ക് അവരുടെ സ്ഥാനങ്ങളിൽ തുടരാമെന്നാണ് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ചാൻസലറുടേത് തന്നെയായിരിക്കുമെന്നും നടപടിക്രമങ്ങൾ നിയമപ്രകാരം ആകണമെന്നും കോടതി വ്യക്തമാക്കി.