13,000 ഒഴിവുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയില്‍വേ; അതിവേഗ നടപടികൾക്ക് നി‍ർദേശം, വിജ്ഞാപനം ഉടൻ

ദില്ലി: ഇന്ത്യൻ റെയിൽവേ 13,000 പുതിയ അസിസ്റ്റന്‍റ് ലോക്കോ പൈലറ്റുമാരുടെ (ട്രെയിൻ ഡ്രൈവർമാർ) ഒഴിവുകൾ പ്രഖ്യാപിച്ചു. ഇത് സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്തതിനേക്കാൾ മൂന്നിരട്ടി കൂടുതലാണ്. എല്ലാ സോണൽ റെയിൽവേയിലെയും ജനറൽ മാനേജർമാർക്ക് അയച്ച നിർദ്ദേശപ്രകാരം അസിസ്റ്റന്‍റ് ലോക്കോ പൈലറ്റുമാരുടെ (എഎൽപി) 18,799 ഒഴിവുകൾ റെയിൽവേ ബോർഡ് അംഗീകരിച്ചിട്ടുണ്ട്.

2024 ജനുവരിയിൽ പ്രഖ്യാപിച്ച 5,696 എഎൽപി ഒഴിവുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്നിരട്ടിയിലധികം വര്‍ധനയാണ് ഒഴിവുകളില്‍ വന്നിരിക്കുന്നത്. തീരുമാനം ഉടനടി പ്രോസസ്സ് ചെയ്യാൻ ബോർഡ് സോണുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒഴിവുകൾ നികത്തുന്നതിന് കുറഞ്ഞത് ആറ് മാസമെങ്കിലും വേണമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ പോസ്റ്റുകൾ വിജ്ഞാപനം ചെയ്യേണ്ടതും ഹാജരായ ഉദ്യോഗാർത്ഥികൾ എഴുത്ത്, അഭിരുചി, മെഡിക്കൽ ടെസ്റ്റുകൾ എന്നിവയിൽ വിജയിക്കേണ്ടതുമുണ്ട്.

തുടര്‍ന്ന് ലോക്കോ പൈലറ്റ് പരിശീലനവും പൂര്‍ത്തിയാക്കണം. റെയിൽവേ ബോർഡ് ഈ തീരുമാനം സിസ്റ്റത്തിന്‍റെ ഭാരം ഒരു പരിധിവരെ കുറയ്ക്കുമെന്ന് ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ കേന്ദ്ര സംഘടനാ സെക്രട്ടറി വി ബാലചന്ദ്രൻ പറഞ്ഞു. നിലവിലെ വിശ്രമ ആവശ്യങ്ങളും ഇന്‍റര്‍-റെയിൽവേ ട്രാൻസ്ഫർ അഭ്യർത്ഥനകളും കണക്കിലെടുത്ത് നിയമനങ്ങള്‍ വളരെ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, 21 ശതമാനം ലോക്കോ പൈലറ്റുമാരുടെയും എട്ട് ശതമാനം അസിസ്റ്റന്‍റ് ലോക്കോ പൈലറ്റുമാരുടെയും തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. ഡ്രൈവർമാരുടെ നീണ്ട ജോലി സമയം കുറയ്ക്കണമെന്ന് ലോക്കോ പൈലറ്റുമാരുടെ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. 

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp