ബസിൽ മകൾക്ക് നേരെ ലൈംഗികാതിക്രമം; 59കാരന്റെ മൂക്കിടിച്ച് തകർത്ത് അമ്മ

പത്തനംതിട്ട അടൂരിൽ മകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 59കാരന്റെ മുഖത്തടിച്ച് അമ്മ. പത്തനംതിട്ട ഏനാത്താണ് സംഭവം. അടൂർ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണ പിള്ളയ്ക്കാണ് അടിയേറ്റത്.
അടിയിൽ രാധാകൃഷ്ണന്റെ മൂക്കിന്റെ പാലം പൊട്ടി. രക്തമൊലിപ്പിച്ച് ഇയാൾ യുവതിയുമായി വഴക്കുണ്ടാക്കാനും ചെന്നുവെന്നാണ് വിവരം.

പത്തനംതിട്ട നെല്ലിമുകൾ ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ ബസിൽ വച്ചാണ് 17കാരിയോട് രാധാകൃഷ്ണ പിള്ള മോശമായി പെരുമാറിയത്. തുടർന്ന് ജംഗ്ഷനിൽ ബസിറങ്ങിയ കുട്ടി മാതാവിനെ വിവരമറിയിച്ചു. പെട്ടെന്ന് തന്നെ സ്ഥലത്തെത്തിയ മാതാവ് തൊട്ടടുത്ത കടയിൽ നിന്നിരുന്ന രാധാകൃഷ്ണനെ ചോദ്യം ചെയ്തു. എന്നാൽ ഇവർക്ക് നേരെയും മോശമായി പെരുമാറുകയായിരുന്നു ഇയാൾ. ഇത് തടയുന്നതിനിടെ യുവതി ഇയാളുടെ മുഖത്ത് അടിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ ഏനാത്ത് പൊലീസ് വയോധികനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp