പത്തനംതിട്ടയിൽ വിദ്യാർത്ഥിനിയായ മകളോട് ബസിൽ വെച്ച് മോശമായ പെരുമാറിയ അക്രമിയുടെ മുഖത്തിടിച്ചത് സഹികെട്ടപ്പോഴെന്ന് അമ്മ പറഞ്ഞു. ബസിൽ വെച്ച് മകളോട് മോശമായി പെരുമാറിയ രാധാകൃഷ്ണപിള്ള എന്നയാൾ പുറത്തിറങ്ങിയതിന് ശേഷം വീണ്ടും കുട്ടിയെ ഉപദ്രവിക്കാൻ വന്നു. അത് ചോദ്യം ചെയ്തപ്പോൾ തന്നെ അസഭ്യം പറഞ്ഞതായും ആക്രമിക്കാൻ ശ്രമിച്ചതായും അമ്മ പറഞ്ഞു.
എന്തിനാണ് മകളോട് മോശമായി പെരുമാറിയതെന്ന് ചോദിച്ചപ്പോൾ രാധാകൃഷ്ണപിള്ള അമ്മയോടും മകളോടും അസഭ്യം പറയുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് താൻ ഇയാളുടെ മുഖത്തിടിച്ചതെന്നും അമ്മ പറഞ്ഞു. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അമ്മ കൂട്ടിച്ചേർത്തു.
പത്തനംതിട്ട നെല്ലിമുകൾ ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ ബസിൽ വച്ചാണ് 17കാരിയോട് രാധാകൃഷ്ണ പിള്ള മോശമായി പെരുമാറിയത്. തുടർന്ന് ജംഗ്ഷനിൽ ബസിറങ്ങിയ കുട്ടി മാതാവിനെ വിവരമറിയിച്ചു. പെട്ടെന്ന് തന്നെ സ്ഥലത്തെത്തിയ മാതാവ് തൊട്ടടുത്ത കടയിൽ നിന്നിരുന്ന രാധാകൃഷ്ണനെ ചോദ്യം ചെയ്തു. എന്നാൽ ഇവർക്ക് നേരെയും മോശമായി പെരുമാറുകയായിരുന്നു ഇയാൾ. ഇത് തടയുന്നതിനിടെ യുവതി ഇയാളുടെ മുഖത്ത് അടിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഏനാത്ത് പൊലീസ് വയോധികനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി.