സപ്ലൈകോ പ്രതിസന്ധി; ശമ്പളമില്ലാതെ സപ്ലെെകോ താല്‍കാലികജീവനക്കാര്‍

തിരുവനന്തപുരം: അവശ്യ സാധനങ്ങള്‍ സ്റ്റോക്ക് ഇല്ലാത്തതിന് പുറമേ താല്‍കാലിക ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കാനാതെ സപ്ലൈകോ. ഒരു ദിവസം 167 രൂപ വീതമാണ് നിലവിലെ കൂലി. കഴിഞ്ഞ 8 മാസത്തിലധികമായി അതും കിട്ടാതായതോടെ സപ്ലൈകോയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ദിവസ വേതനക്കാര്‍ പ്രതിസന്ധിയിലാണ്. ഓരോ ഔട്ട്ലെറ്റുകളിലും ഒരു മാസം 6 ലക്ഷം രൂപ ടാര്‍ഗറ്റ് തികഞ്ഞാല്‍ മാത്രമേ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ഒരു ദിവസം 575 രൂപ കൂലി കിട്ടുകയുള്ളൂ എന്നതാണ് കണക്ക്.

സപ്ലൈകോയിലേക്ക് അവശ്യസാധനങ്ങളും കൃത്യമായി എത്താതായതോടെ വരുമാനവും ഇടിഞ്ഞു. നിലവില്‍ പല ഔട്ട്ലെറ്റുകളിലും മാസം മൂന്ന് ലക്ഷം രൂപ പോലും വില്‍പനയിനത്തില്‍ തികയ്ക്കാനാവുന്നില്ല. ഇപ്പോള്‍ മൂന്ന് തൊഴിലാളികള്‍ ഉള്ളയിടത്ത് 1.5 മുതല്‍ 2 ലക്ഷം വരെയാണ് കച്ചവടം നടക്കുന്നത്. അപ്പോള്‍ ഒരു തൊഴിലാളിയുടെ ശമ്പളം മാത്രമേ കിട്ടൂ.

24 പ്രവര്‍ത്തി ദിവസമാണെങ്കില്‍ 13,800 രൂപയാണ് മാസം വരുമാനത്തില്‍ കിട്ടുക. ഇത് മൂന്ന് പേര്‍ പകുത്തെടുത്താല്‍ 4,600 രൂപയാണ് ഒരാള്‍ക്ക് ഒരു മാസം കിട്ടുക. ഇതില്‍ നിന്ന് പിഎഫിലേക്കും ഇഎസ്‌ഐയിലേക്കും കൂടി 586 രൂപ 50 പൈസ പോകും. ഇതോടെ ഒരുമാസം ലഭിക്കുക 4013 രൂപ 50 പൈസയായിരിക്കും. ഇതോടെ ഒരു തൊഴിലാളിക്ക് ഒരു ദിവസം കിട്ടുക 167 രൂപ. ജീവിതത്തില്‍ കടങ്ങള്‍ പെരുകി ഓരോ തൊഴിലാളിയും ആത്മഹത്യയുടെ വക്കിലാണ്.

കൊവിഡ് കാലത്ത് ടാര്‍ഗറ്റ് ഒഴിവാക്കി കൊടുത്തിരുന്നെങ്കിലും അന്നത്തെ സൗജന്യ വിതരണത്തിനായി കിറ്റ് നിറച്ചവരാണ് ഇന്ന് ദുരിതമനുഭവിക്കുന്നത്. ഇരുപത് വര്‍ഷത്തോളം ജോലി ചെയ്തവരാണ് പല തൊഴിലാളികളും. പലര്‍ക്കും 50 വയസിനു മുകളില്‍ പ്രായവുമുണ്ട്. ഇനി വേറെ ജോലിക്ക് പോകാനാവുകയുമില്ല.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp