18-ാം ലോക്‌സഭയുടെ ആദ്യസമ്മേളനം; സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍

18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ സത്യപ്രതിജ്ഞ ചെയ്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്ക് പ്രോടെം സ്പീക്കര്‍ ഭര്‍തൃഹരി മഹ്താബ് സത്യവാചകം ചൊല്ലിക്കൊടുത്തു. അതേസമയം പ്രോടെം സ്പീക്കര്‍ തെരഞ്ഞെടുപ്പിനെ ചൊല്ലി ഇന്ത്യാ മുന്നണി ശക്തമായി പ്രതിഷേധിച്ചു. എട്ട് ടേമുകളില്‍ എംപിയായിരുന്ന കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കി ഭര്‍തൃഹരി മഹ്താബിനെ പ്രോടെം സ്പീക്കറാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യാ സഖ്യം പ്രോടെം സ്പീക്കര്‍ പാനലില്‍ നിന്ന് വിട്ടുനിന്നു.

ഭര്‍തൃഹരി മഹ്താബ് ഏഴ് തവണയാണ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കൂടുതല്‍ ടേമുകളില്‍ എംപിയായിരുന്നവര്‍ പ്രോടെം സ്പീക്കറാകുയായിരുന്നു ഇതുവരെ തുടര്‍ന്നുവന്നിരുന്ന കീഴ്വഴക്കം.രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും സത്യപ്രതിജ്ഞ ഏറ്റ് ചൊല്ലി പ്രോടെം സ്പീക്കറായി ചുമതലയേറ്റ ഭര്‍തൃഹരി മഹത്താബ് 11ഓടെ സഭയിലെത്തി നടപടികളാരംഭിച്ചു. വയനാട് മണ്ഡലത്തില്‍ നിന്നുള്ള, രാഹുല്‍ ഗാന്ധിയുടെ രാജി അംഗീകരിച്ചതായി, അധ്യക്ഷന്‍ സഭയെ അറിയിച്ചു.തുടര്‍ന്ന് എംപിമാരുടെ സത്യപ്രതിജ്ഞ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. 12 മണിയോടെ സുരേഷ് ഗോപി ലോകസഭ അംഗമായി സത്യ പ്രതിജ്ഞ ചെയ്തു

കേരളത്തില്‍ നിന്നുള്ള മറ്റ് അംഗങ്ങള്‍ 45നും ഇടയില്‍ സത്യ പ്രതിജ്ഞ ചെയ്യും.ഭരണഘടനയുടെ ചെറുപതിപ്പുമായി ഗാന്ധി പ്രതിമക്ക് മുന്നില്‍ ഒത്തുകൂടിയ ശേഷമാണ് പ്രതിപക്ഷ എംപിമാര്‍ ലോക്‌സഭയിലെത്തിയത്. സഭ തുടങ്ങും മുന്‍പ് മാധ്യമങ്ങളെ കണ്ട പ്രധാന മന്ത്രി മോദി, മൂന്നാം തവണ അവസരം തന്നതിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ്. അടിയന്തരവസ്ഥയെ കുറിച്ച് ഓര്‍മ പ്പെടുത്തി പ്രതിപക്ഷത്തെ ആക്രമിച്ചു. മോദി നടത്തുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തിരിച്ചടിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp