ദില്ലി: പാർലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പീക്കർ ഓം ബിർളയും ചേർന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. 2024 ലോക്സഭ തെരഞ്ഞെടുപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പെന്ന് വിശേഷിപ്പിച്ച രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്തുപറയേണ്ടതാണെന്നും ചൂണ്ടിക്കാട്ടി. ജനം മൂന്നാമതും മോദി സർക്കാരിൽ വിശ്വാസമർപ്പിച്ചെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങൾ പ്രതിലോമ ശക്തികൾക്ക് മറുപടി നൽകി. ഐതിഹാസികമായ തീരുമാനങ്ങൾ ഈ സർക്കാരിന്റെ കാലത്തുണ്ടാകുമെന്നും ബജറ്റ് ചരിത്രപരമാകുമെന്നും പറഞ്ഞ രാഷ്ട്രപതി രാജ്യതാത്പര്യം മുൻനിർത്തി ഒന്നിച്ചു പ്രവർത്തിക്കാമെന്നും കൂട്ടിച്ചേർത്തു. അതേ സമയം രാഷ്ട്രപതിയുടെ പരാമർശത്തിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തി.