പത്തനംതിട്ട: സ്‌കൂള്‍ വാഹനങ്ങളുടെ യാത്ര നിരീക്ഷിക്കാനുള്ള വിദ്യാവാഹന്‍ ആപ്പ് ഒന്നരവര്‍ഷം പിന്നിട്ടിട്ടും എല്ലാ വിദ്യാലയങ്ങളിലും എത്തിയില്ല. സാങ്കേതികതടസ്സവും നടപടി പൂര്‍ത്തിയാക്കാന്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസവുമാണ് പ്രധാന കാരണം. ജി.പി.എസ്. സംവിധാനം ഘടിപ്പിച്ചിട്ടുള്ള സ്‌കൂള്‍ ബസുകള്‍ക്ക് മാത്രമേ മോട്ടോര്‍ വാഹനവകുപ്പ്, വിദ്യാര്‍ഥികളുമായി സഞ്ചരിക്കുന്നതിനുള്ള അനുമതി നല്‍കിയിട്ടുള്ളൂ. സ്‌കൂള്‍ വാഹനങ്ങളെ ജി.പി.എസുമായി ബന്ധിപ്പിച്ച് മോട്ടോര്‍വാഹനവകുപ്പ് തയ്യാറാക്കിയ ‘സുരക്ഷാമിത്ര’ സോഫ്റ്റ്വേറില്‍നിന്നുള്ള വിവരങ്ങളാണ് മൊബൈല്‍ ആപ്പില്‍ ലഭിക്കുന്നത്.
നിലവില്‍ വിവിധ സ്‌കൂളുകളില്‍നിന്നായി വിദ്യാവാഹനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 20,269 വാഹനങ്ങളാണ്. 4,33,823 രക്ഷിതാക്കളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ ആപ്പില്‍ നല്‍കിയിട്ടുണ്ട്. അതേസമയം ജി.പി.എസ്. ഘടിപ്പിച്ച സ്‌കൂള്‍ വാഹനങ്ങളുടെ എണ്ണം 31,321 ആണ്. അറുപത് ശതമാനം സ്‌കൂള്‍ വാഹനങ്ങളുടെ വിവരം മാത്രമേ ആപ്പിലൂടെ ലഭ്യമാകുന്നുള്ളൂ.
വിദ്യാലയങ്ങളിലേക്ക് സ്‌കൂള്‍ ബസുകളില്‍ സഞ്ചരിക്കുന്ന കുട്ടികളുടെ യാത്രാവിവരങ്ങള്‍ വീട്ടിലിരുന്ന് രക്ഷിതാക്കള്‍ക്ക് നിരീക്ഷിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പാണ് ആപ്പ് പുറത്തിറക്കിയത്. കുട്ടികളുടെയും രക്ഷിതാക്കളുടെയും വാഹനങ്ങളുടേയും വിവരങ്ങള്‍ സ്‌കൂള്‍ അധികൃതരാണ് നല്‍കേണ്ടത്. ഓരോ സ്‌കൂള്‍ വാഹനങ്ങള്‍ക്കും പ്രത്യേക യൂസര്‍ നെയിമും ലോഗിനും നല്‍കിയിട്ടുണ്ട്.
ബസിന്റെ റൂട്ട് മാപ്പ്, യാത്രചെയ്യുന്ന കുട്ടികളുടെ മാതാപിതാക്കളുടെ ഫോണ്‍ നമ്പര്‍, ഡ്രൈവര്‍, സഹായി, സ്‌കൂള്‍ മാനേജര്‍ എന്നിവരുടെ ഫോണ്‍ നമ്പര്‍ ഇവയെല്ലാം ആപ്പില്‍ ഉള്‍ക്കൊള്ളിക്കണം. രക്ഷിതാക്കളുടെ നമ്പര്‍, വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന വാഹനവുമായി സ്‌കൂള്‍ അധികൃതര്‍ ബന്ധിപ്പിക്കുന്നതോടെ മക്കളുടെ സഞ്ചാരപാത വീട്ടിലിരുന്ന് ആപ്പിലൂടെ അറിയാം.
സ്‌കൂള്‍ അധികൃതരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മഞ്ഞ പെയിന്റ് അടിച്ച സ്‌കൂള്‍ ബസുകള്‍ മാത്രമേ നിലവിലെ സംവിധാനത്തിന്റെ പരിധിയിലുള്ളൂ. ആപ്പിന്റെ സാങ്കേതിക തകരാറും പ്രശ്‌നമാകുന്നുണ്ട്. ഇപ്പോഴുണ്ടാകുന്ന സെര്‍വര്‍ പ്രശ്‌നം പരിഹരിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.